സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഹാദിയക്ക് അവസരമൊരുങ്ങിയത് വിമാനത്താവളത്തില്‍ എറണാകുളം റൂറല്‍ പൊലീസിന്റെ സുരക്ഷ വീഴ്ചയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. വൈക്കത്തെ വസതി മുതല്‍ വിമാനത്താവളം വരെ പഴുതടച്ച സുരക്ഷ ഒരുക്കിയിട്ടും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതെല്ലാം പാളി.
ഹാദിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം വെട്ടിത്തുറന്ന് പറഞ്ഞതും പൊലീസിന് തിരിച്ചടിയായി. രണ്ടുദിവസമായി വൈക്കത്തെ വസതിക്ക് സമീപം തമ്പടിച്ച ദേശീയമാധ്യങ്ങള്‍ അടക്കമുള്ളവരെ അകറ്റിനിര്‍ത്തുന്നതില്‍ വിജയിച്ച പൊലീസിന് വിമാനത്താവളത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയതും ക്ഷീണമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് ആലുവ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്കി.
അതേസമയം, വൈക്കത്തെ സുരക്ഷസംവിധാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു. ഹാദിയയെ ആഭ്യന്തര ടെര്‍മിനലിന് പിന്നിലൂടെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കാനായിരുന്നു പൊലീസ് ഉന്നതരുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി കൊച്ചി റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചു. പിന്നീട് രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ല.
തുടര്‍ന്ന് കൂടുതല്‍ പൊലീസിനെ വിന്യസിച്ച് മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കി വിമാനത്താവളത്തിനകത്തേക്ക് എത്രയും വേഗം എത്തിക്കാനായിരുന്നു നീക്കം. ഇതിനായി ബി.എസ്.എഫിന്റ സഹായവും തയാറാക്കിയിരുന്നു. എന്നാല്‍, അവസാനനിമിഷം എല്ലാം തകിടം മറിഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. സുരക്ഷയൊരുക്കുന്നതില്‍ റൂറല്‍ പൊലീസ് വേണ്ടത്ര ശ്രമിച്ചില്ലെന്നും ഒരുക്കിയ സുരക്ഷ സംവിധാനം പാളിയെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും പറയുന്നത്.
Leave a Reply