കൂട്ടുകാരോടൊപ്പം പെരുമഴയത്ത് ഫുട്ബോള്‍ കളിക്കാനിറങ്ങിയ പന്ത്രണ്ടുകാരന്റെ കളിമികവിന് അഭിനന്ദനവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ. കാസര്‍ഗോഡ് ദേലമ്പാടിയില്നിന്നുള്ള മഹ്റൂഫിന്റെ കളി കൂട്ടുകാര്‍ മൊബൈലിലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇയാന്‍ ഹ്യൂമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. കാസര്‍ഗോഡ് ജില്ലയിലെ മലയോരമേഖലയായ ദേലമ്പാടി പരപ്പ സ്വദേശിയാണ് മഹ്റൂഫ്. മഴയത്ത് ചെളിവെള്ളത്തില്‍ നാലുപേരെ സുന്ദരമായി ഡ്രിബിള്‍ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ മഹ്റൂഫിന്റെ കളി കണ്ടപ്പോള്‍ കുഞ്ഞു മെസിയെന്ന വിശേഷണമാണ് കൂട്ടുകാര്‍ അവന് ചാര്‍ത്തിക്കൊടുത്തത്.
കൂട്ടുകാര്‍ പകര്‍ത്തിയെടുത്ത മഹ്റൂഫിന്റെ ഡ്രിബ്ളിംഗ് ദൃശ്യങ്ങള്‍ മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് പറന്നുനടന്നു. അതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്യപ്പെട്ടത്. ആരാധക ഗ്രൂപ്പിനെ ഫോളോ ചെയ്തെത്തിയ സാക്ഷാല്‍ ഇയാന്‍ ഹ്യൂം മഹ്റൂഫിന്റെ കളി കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ത്രില്ലടിച്ചു. ഈ കുട്ടിയെ ഇപ്പോള്‍ത്തന്നെ ടീമിലെടുക്കൂവെന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹ്യൂം കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ ഫുട്ബോള്‍ ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്പാനിഷ് ഫുട്ബോളറും ഡല്‍ഹി ഡൈനാമോസ് താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മഹ്റൂഫിന്റെ കളി കണ്ടു.
ഈ കുട്ടിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോയെന്ന മള്‍ഡറുടെ ചോദ്യത്തിന് മറുപടിയായി കൂട്ടുകാര്‍ മഹ്റൂഫ് പരപ്പ എന്നപേരില്‍ അക്കൗണ്ടും പേജും തുടങ്ങി. ഇപ്പോള്‍ ഈ പേജിനെ പിന്തുടരാനും ഫുട്ബോള്‍ ആരാധകരെത്തുന്നുണ്ട്.
Leave a Reply