മന്ത്രി കെ.രാജുവിന്‍റെ പ്രളയകാല ജര്‍മനി യാത്രയില്‍ രാഷ്ട്രീയ വിവാദം മൂക്കുന്നു. ഇതു സംബന്ധിച്ച കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ രാജു കാനം രാജേന്ദ്രനെ കണ്ടു. കാനം നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനിടെ യാത്രയ്ക്ക് പോകുമ്പോള്‍ മന്ത്രിയുടെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. മന്ത്രി രാജു വകുപ്പ് ചുമതല പി.തിലോത്തമന് കൈമാറിയതാണ് വിവാദത്തിലായത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണ് നടന്നത് എന്നത് വിവാദത്തിന്‍റെ ഗൗരവമേറ്റുന്നു. കൈമാറ്റം സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല.

മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുനത്തലുണ്ട്. ജര്‍മന്‍ യാത്രക്ക് പാര്‍ട്ടി അനുമതി നല്‍കിയത് ഒരുമാസം മുന്‍പാണ്. യാത്രക്കു മുന്‍പുണ്ടായ അസാധാരണസാഹചര്യം പരിഗണിക്കണമായിരുന്നു എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ നടപടിവേണമെന്ന ആവശ്യത്തിലാണ് മുതിര്‍ന്നനേതാക്കള്‍.

ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്‍കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താന്‍ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.

ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേരാനിരുന്ന നിര്‍വാഹകസമിതി യോഗം മാറ്റിവച്ചു. നിലവില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.