ഇടതുമുന്നണിയെ പൊട്ടിത്തെറിയിലേക്ക് തള്ളിയിട്ട് ഗതാഗതി മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. കായല്‍ കയ്യേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് എന്‍സിപിയുടെ മന്ത്രി സ്ഥാനമൊഴിഞ്ഞത്. എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരന് മുഖ്യമന്ത്രിയെക്കണ്ട് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രാവിലെ മുഖ്യമന്ത്രിയും എന്‍.സി.പി. നേതാക്കളും കണ്ടെങ്കിലും തുടര്‍ന്നുനടന്ന എന്‍.സി.പി. നേതൃയോഗത്തിലാണ് രാജി തീരുമാനം ഉണ്ടായത്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സിപിഎം-സിപിഐ പോരിനും വഴിതുറന്നു.
ഒന്നരവര്‍ഷത്തിനിടെ പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജിയാണിത്. രാജിതീരുമാനം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ കാത്തുനില്‍ക്കാതെ തോമസ് ചാണ്ടി സ്വന്തം മണ്ഡലമായ ആലപ്പുഴയിലെ കുട്ടനാട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ തിരിച്ചു. കുട്ടനാട്ടില്‍ നിന്ന് അദ്ദേഹം കൊച്ചിയിലേക്ക് പോകും.
സിപിഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദം ശക്തമായത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് ഉപാധി അംഗീകരിക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ നിര തന്നെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. ഒരു മന്ത്രിയെച്ചൊല്ലി സർക്കാർ ഒരുമാസമായി പ്രതിസന്ധിയിലെന്ന് ജി.സുധാകരന് തുറന്നടിച്ചു. തോമസ് ചാണ്ടി വിചാരിച്ചാൽ ഒരു മിനിറ്റ് കൊണ്ട് ഇത് ഒഴിവാക്കാം. തീരുമാനം വൈകരുതെന്ന് മുഖ്യമന്ത്രിയോട് ജി.സുധാകരൻ ആവശ്യപ്പെട്ടു. ഇതിനെ അനുകൂലിച്ച് മാത്യു ടി.തോമസും രംഗത്തെത്തി. നിങ്ങൾക്കെല്ലാവർക്കും ഒരേ അഭിപ്രായമാണോ എന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് ആരാഞ്ഞു. മന്ത്രിമാരില്‍ പലരും അഭിപ്രായം വ്യക്തമാക്കിയിരുന്നില്ല.
ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി നാളെ സുപ്രീംകോടതിയെ സമീപിക്കും. ഒരു ഘടകകക്ഷിയുടെ ശാഠ്യമാണ് രാജിക്ക് ഇടയാക്കിയതെന്ന് തോമസ് ചാണ്ടി പറഞ്ഞു. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് അസാധാരണസംഭവമെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇതെന്ന് പിണറായി വിജയന് പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ. കത്ത് നല്‍കിയിരുന്നു. മന്ത്രിസഭ ഏതുപ്രശ്നവും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഇടമാണ്. ഘടകകക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പുനല്‍കണം. മന്ത്രിയാണെങ്കില്‍ തോമസ് ചാണ്ടിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാമെന്നും
മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഐ തീരുമാനത്തിന്റെ ശരിതെറ്റുകള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രിക്ക് മറുപടി നല്കി. രാജിവയ്ക്കാത്തതിനാലാണ് ബഹിഷ്കരിച്ചതെന്ന് സുധാകര്‍ റെഡ്ഢിയും പറഞ്ഞു.
Leave a Reply