ആലപ്പുഴയിലെ പള്ളിത്തോട്ടെ യുവാവ് ലോക്ക്ഡൗൺ ലംഘിച്ചെന്ന് അയൽക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ എത്തിയ പോലീസ് മടങ്ങിയത് കണ്ണുനിറഞ്ഞ്. യുവാവ് ലോക്ക്ഡൗൺ ലംഘിച്ചതിന്റെ കാരണമറിഞ്ഞപ്പോഴാണ് പോലീസുകാരുടെ പോലും കണ്ണ് നിറഞ്ഞത്.
പള്ളിത്തോട്ടിലെ യുവാവായ മത്സ്യത്തൊഴിലാളി വ്യാഴാഴ്ച രാവിലെ പൊന്തു വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയതാണ് പരാതിക്ക് ആധാരം. കണ്ടെയ്‌മെന്റ് സോൺ നിലവിൽ വന്നതോടെ തീരദേശത്ത് മത്സ്യബന്ധനവും, വിൽപ്പനയും നിരോധിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ച് യുവാവ് മത്സ്യബന്ധനം നടത്തുന്നതു കണ്ട നാട്ടുകാർ ആരോഗ്യപ്രവർത്തകരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി യുവാവിനെ പിടികൂടിയപ്പോഴാണ് തന്റെ അവസ്ഥ ഇയാൾ തുറന്നുപറഞ്ഞത്.
‘കുഞ്ഞിന് മരുന്നു വാങ്ങാൻ അഞ്ചു പൈസ എന്റെ കയ്യിലില്ല. വീട്ടിലേയ്ക്ക് ഭക്ഷണം പോലും വാങ്ങാൻ കയ്യിൽ കാശില്ല. കുഞ്ഞുങ്ങളുടെ സങ്കടം കണ്ട് കടലിലിറങ്ങിയതാണ് സാറേ’- യുവാവിന്റെ വേദനിപ്പിക്കുന്ന വാക്കുകൾ കേട്ട് പോലീസുകാർ കേസ് എടുക്കാതെ നിറകണ്ണുകളോടെ തിരിച്ച് പോവുകയായിരുന്നു. പള്ളിത്തോട് കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം കൂടുതലായതോടെയാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ഇവിടെ തൊഴിലെടുക്കാനാകാതെ സാധാരണക്കാർ പട്ടിണിയിലാണ്.
Leave a Reply