സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഏറെ ബുദ്ധിമുട്ടുന്നത് നമ്മുടെ പോലീസ് ഡിപാര്‍ട്‌മെന്റ് തന്നെയാണ്. പല ഭാഗത്തുനിന്നും ഫോണ്‍കോളുകള്‍ ഇവര്‍ക്ക് എത്തുന്നു. ഒരുമിനിറ്റ് നില്‍ക്കാതെ ഓടുകയാണ് ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍.
എന്‍ഡോള്‍സള്‍ഫാന്‍ ഇരയുടെ അമ്മയ്ക്കുള്ള ഹൃദ്രോഗത്തിന്റെ മരുന്നുമായി തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് പാഞ്ഞെത്തിയത് നിരവധി പോലീസ് വാഹനങ്ങളാണ്. അമ്മയ്ക്കുള്ള ജീവന്‍രക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി നിര്‍ത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെയായിരുന്നു. തിങ്കളാഴ്ച രാവിലെ മൊയോലത്തെ വീട്ടില്‍ ലതിക മരുന്ന് ഏറ്റുവാങ്ങുമ്പോള്‍ സംസ്ഥാനത്തെ പോലീസ് സേനയും മന്ത്രി ഇ ചന്ദ്രശേഖരനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അത് അഭിമാന നിമിഷമായി.
മൊയോലത്തെ കൃഷ്ണന്റെ ഭാര്യയാണ് ഹൃദ്രോഗി കൂടിയായ ലതിക. ഇവരുടെ രണ്ടാമത്തെ മകന്‍ അനിരുദ്ധ് കൃഷ്ണന്‍ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാരരോഗിയും. ലതിക 19 വര്‍ഷമായി മുടങ്ങാതെ കഴിക്കുന്ന പെന്‍സിലിന്‍വി എന്ന മരുന്ന് മൂന്നുവര്‍ഷമായി തിരുവനന്തപുരത്തുനിന്നാണ് എത്തിക്കുന്നത്. ലോക്ക് ഡൗണായതോടെ മരുന്നെത്തിക്കാനുള്ള വഴിയും മുടങ്ങി. മരുന്നുതീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ കൂടിയായ അമ്ബലത്തറ കുഞ്ഞികൃഷ്ണനെ ഇവര്‍ വിവരമറിയിക്കുന്നത്. അദ്ദേഹം തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സെയ്ഫുദ്ദീനെ വിവരമറിയിച്ചു.
സെയ്ഫുദ്ദീന്‍ ഈ വിവരം ശനിയാഴ്ച രാത്രി പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നല്‍കി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അനില്‍ മരുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള മെഡിക്കല്‍ ഷോപ്പിലുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തി. മരുന്ന് കാസര്‍കോട്ടെ പെരിയയിലെങ്ങനെ എത്തിക്കും എന്നതായി അടുത്ത വെല്ലുവിളി.
വിവരം മന്ത്രി ചന്ദ്രശേഖരനെ അറിയിക്കുന്നതിന് സെയ്ഫുദ്ദീന്‍ കാഞ്ഞങ്ങാട്ടെ സിപിഐ നേതാവ് എ ദാമോദരനെ വിളിച്ചു. ദാമോദരനും പോലീസ് അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി സിആര്‍ ബിജുവും മന്ത്രിയെ വിവരം ധരിപ്പിച്ചു. മന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിട്ട് മരുന്ന് വാങ്ങിപ്പിച്ച് പോലീസ് പോലീസ് ആസ്ഥാനത്ത് എത്തിച്ചു.
ഡിജിപി ലോക്നാഥ് ബെഹ്റയോട് മരുന്ന് കാഞ്ഞങ്ങാട്ടെത്തിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്ബതുമണിക്ക് മരുന്നുമായി പോലീസ് വാഹനം കുതിച്ചുതുടങ്ങി. വഴിയിലെ ഏഴു ജില്ലാ പോലീസ് മേധാവികള്‍ക്കും ദൗത്യത്തില്‍ പങ്കാളിയാവാന്‍ പോലീസ് സഹായം വിട്ടുകൊടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. ഒരു രാത്രികൊണ്ട് വിവിധ ജില്ലകളിലെ 19 ഹൈവേ പട്രോളിങ് വാഹനങ്ങളിലൂടെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ മരുന്നെത്തി. രാവിലെ നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ എംഎ മാത്യുവിന്റെയും സെയ്ഫുദ്ദീന്റെയും നേതൃത്വത്തില്‍ മരുന്ന് ലതികയ്ക്ക് നല്‍കി.
Leave a Reply