യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ നിലയ്ക്കലും പമ്പയിലും അടക്കം അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ശബരിമലയില്‍ നടതുറന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് കാര്യമായി കേസുകള്‍ എടുത്തിരുന്നില്ല. ഇപ്പോഴാണ് അക്രമ സംഭവങ്ങളില്‍ പങ്കാളിയായിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഫോട്ടോകള്‍ ശേഖരിച്ചിരിക്കുന്നത്. ചിത്രത്തിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990030 അല്ലെങ്കില്‍ 9497990033 എന്ന നമ്പറിലോ Email ID :[email protected] എന്ന ഐ.ഡിയിലേക്കോ മെയില്‍ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

ഏഴ് ആല്‍ബങ്ങളിലായാണ് 210 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അക്രമകാരികള്‍ക്കെതിരായി ഇരുപതോളം കേസുകള്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താവുന്നവ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങിയവയും ഇവര്‍ക്കെതിരെ ചുമത്തും. സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ ജില്ലകളില്‍നിന്നുള്ള മൂവായിരത്തോളം പേരാണ് ശബരിമലയിലെത്തി അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് സൂചന. അതിനാല്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍ വിവിധ ജില്ലകളിലെ പോലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. അതേസമയം ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ താമസമുറികള്‍ അനുവദിക്കരുതെന്ന് പൊലീസ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പൊലീസ് ഉന്നതതലയോഗം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിച്ചു.