തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പ്രാദേശികരാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ്. ആറ്റിങ്ങൽ എംപിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിന് സിപിഎം ആരോപിക്കുന്നത് പോലെ കൊലയിൽ പങ്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയില്ലെന്നും അന്വേഷണസംഘം പറയുന്നു. തിരുവോണത്തിന്റെ തലേദിവസമാണ് സിപിഎം പ്രവർത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും കുത്തിക്കൊലപ്പെടുത്തിയത്. പിന്നിൽ കോൺഗ്രസ് ആണെന്നും ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ പ്രാദേശിക രാഷ്ട്രീയവൈരാഗ്യമാണ് കാരണം എന്ന് പറഞ്ഞാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത് എന്ന് റിപ്പോർട്ട്.
പ്രതികൾ കോന്നിയിലേയ്ക്ക് പോകാൻ ശ്രമിച്ചത്, കോന്നി കൂട്ടുപ്രതിയായ ശ്രീജയുടെ നാടായതുകൊണ്ടാണെന്നും ഇതിൽ അടൂർ പ്രകാശിന്റെ പങ്ക് സംശയിക്കാൻ തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് പരിപാടിക്കിടെയുണ്ടായ സംഘർഷമുണ്ടാക്കിയ വൈരാഗ്യം ഇരു വിഭാഗങ്ങൾ തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾക്ക് കാരണമായിരുന്നു. ഏപ്രിലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഫൈസലിനെ വെട്ടിയത് സംഘർഷം മൂർച്ഛിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഹഖിന്റേയും മിഥിലാജിന്റേയും കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. റൂറൽ എസ് പി, ബി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചേക്കും.
Leave a Reply