പോലീസ് സേനയ്ക്കുമേൽ ഉയരുന്ന വിമർശനങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നു. കുറ്റപ്പെടുത്തലുകൾ നാലുവശത്തുനിന്നും വന്ന് നിറയുമ്പോൾ സേനയിലെ കൂടുതൽ ശതമാനം ഉദ്യോഗസ്ഥരുടെയും ആത്മാർഥതയും ജോലിയോടുള്ള സമർപ്പണവും മനപ്പൂർവം വിസ്മരിക്കുകയാണ് എല്ലാവരും. എന്നും വെല്ലുവിളികളും അപകട സാധ്യതകളും നിറഞ്ഞ ജോലിസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ വീഡിയോ.
മഴ കനത്തതോടെ മൂന്നു ദിവസമായി പുറംലോകവുമായി ബന്ധപ്പെടാനാവാതെ എറണാകുളം, കോതമംഗലം മേഖലയിലെ മണികണ്ഠൻ ചാൽ, കല്ലേലിമേട് പ്രദേശങ്ങളും ആദിവാസി ഉൗരുകളും ഒറ്റപ്പെട്ട നിലയിലായിരുന്നു. വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ ഇവിടെ കുടുങ്ങിപ്പോയിരുന്നു. നേര്യമംഗലത്ത് ഞായറാഴ്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവർ വിഷമത്തിലായി.
ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ പൊലീസ് ജീപ്പിൽ രണ്ടും കൽപ്പിച്ച് സാഹസികമായാണു മറുകര എത്തിച്ചത്. വിവാഹ പാർട്ടിയേയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് വാഹനം സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്ത് മറികടക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടന്പുഴ എസ്ഐ ശ്രീകുമാർ, പ്രദീപ്, വനിതാ പോലീസ് രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകൾ കുടുങ്ങി. ഈ വിഷമ ഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരിലൊരാളും കുട്ടാമ്പുഴ സ്വദേശിയുമായ അഭിലാഷ് കുത്തിയൊലിച്ചു വരുന്ന പുഴയുടെ നടുവിലെ പാലത്തിൽ കൂടി ജീപ്പ് പായിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ വിഷമഘട്ടം കൈകാര്യം ചെയ്ത അഭിലാഷിന് സോഷ്യൽമീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Leave a Reply