മുളന്തുരുത്തി: ”അക്രമി വണ്ടിയിലുണ്ടെന്ന് അവൾക്കറിയില്ലായിരുന്നു. മുളന്തുരുത്തിയിൽനിന്ന് തീവണ്ടിയെടുക്കുമ്പോൾ വണ്ടിയിലാരുമില്ലെന്നാണ് അവൾ വിചാരിച്ചത്. പെട്ടെന്നാണ് ഭിക്ഷക്കാരനെപ്പോലൊരാൾ കാബിനിലേക്കു കയറിയതും വാതിലടച്ചതും. വണ്ടിയിൽ ആരുമില്ലെന്ന് സഹോദരിയോട് ഫോണിൽ പറഞ്ഞ് ഉടനെ തന്നെ ഒരാളുണ്ട്, ഞാൻ ഫോൺ വെയ്ക്കുകയാണെന്നു പറഞ്ഞ് കട്ട് ചെയ്തു” – ഇത് പറയുമ്പോൾ ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽനിന്നു ചാടി രക്ഷപ്പെട്ട യുവതിയുടെ ഭർത്താവിന്റെ ശബ്ദത്തിലെ വിറയൽ മാറിയിട്ടില്ല.
യുവതിയും ഭർത്താവും അടങ്ങുന്ന കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കോവിഡ് ബാധിച്ചിരുന്നു. ക്വാറന്റീൻ കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. രോഗം ഭേദമായി വീണ്ടും ജീവിതത്തിന്റെ താളം വീണ്ടെടുക്കുമ്പോഴാണ് തീവണ്ടിയിലെ അക്രമിയുടെ രൂപത്തിൽ ദുരിതം തിരിച്ചെത്തിയത്.
ഭാഗ്യംകൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നാണ് യുവതിയുടെ ഭർത്താവ് പറയുന്നത്. ചെങ്ങന്നൂരിൽ ജോലിനോക്കുന്ന യുവതി രാവിലെ രണ്ടു വയസ്സുള്ള മകനോട് യാത്ര പറഞ്ഞ് ഭർത്താവിന്റെ ബൈക്കിലാണ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിയത്.
അക്രമത്തിനിരയായതിനെ തുടർന്ന് തീവണ്ടിയിൽനിന്നു ചാടിയ യുവതിക്ക് രക്ഷകരായത് ഒലിപ്പുറം തൃക്കേമ്യാലിൽ ശ്യാമളയും മകൾ ശ്രീജയുമാണ്. ഈ ഭാഗത്തുകൂടി തീവണ്ടി വേഗം കുറച്ചു പോകണമെന്ന് മുന്നറിയിപ്പുണ്ട്. അതനുസരിച്ച് വണ്ടിക്ക് വേഗം കുറച്ചതാണ് ചാടിയ യുവതിക്ക് തുണയായത്.
ശ്യാമളയും ശ്രീജയും കൂടി ആടിന് മരുന്നു വാങ്ങാൻ അരയൻകാവിലേക്ക് പോകും വഴിയാണ് തീവണ്ടിയിൽനിന്നു വീണുകിടക്കുന്ന യുവതിയെ കണ്ടത്. കാടുപിടിച്ചു കിടക്കുന്ന റെയിൽവേ ട്രാക്കിനു സമീപം യുവതി ഇരിക്കുന്നതു കണ്ടെങ്കിലും അമ്മയും മകളും അതു കാര്യമാക്കാതെ നടന്നുനീങ്ങി. മകൾ ശ്രീജ പിന്തിരിഞ്ഞു നോക്കിയപ്പോൾ യുവതി അവരെ കൈകാട്ടി വിളിച്ചു. ഒന്നു നോക്കാമെന്നു പറഞ്ഞ് ശ്രീജ യുവതിയുടെ അടുത്തേക്കു പോയി. അടുത്തുചെന്ന് കാര്യം തിരക്കിയ ശ്രീജയോട് തന്നെ തീവണ്ടിയിൽ വെച്ച് ഒരാൾ ആക്രമിച്ചെന്നും തള്ളി താഴെയിട്ടെന്നുമാണ് യുവതി പറഞ്ഞത്.
ശ്യാമള ഉടനെ സഹോദരൻ സുരേന്ദ്രനെ വിളിച്ചു വരുത്തി. പിന്നീട് സുരേന്ദ്രൻ എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിനെയും സമീപവാസികളെയും വിവരമറിയിച്ചു. ഭർത്താവിന്റെ നമ്പർ യുവതി നൽകിയതോടെ ആ നമ്പറിൽ വിളിച്ചും വിവരം പറഞ്ഞു. തുടർന്ന് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിറവത്ത് ഉദ്യോഗസ്ഥനായ ഭർത്താവ് പോകാനുള്ള തിരക്കിൽ യുവതിയെ സ്റ്റേഷനിലെത്തിച്ച് ബൈക്കിൽ തന്നെ മടങ്ങി. ഓഫീസിലേക്കു പോകാൻ ഒമ്പതരയോടെ തയ്യാറായി നിൽക്കുമ്പോഴാണ് ആരോ ഫോണിലേക്ക് വിളിച്ച് ഭാര്യ തീവണ്ടിയിൽനിന്നു വീണെന്നു പറയുന്നത്. പെട്ടെന്ന് ബൈക്കിൽ അപകട സ്ഥലത്തേക്ക് പാഞ്ഞു.
കൈപ്പട്ടൂരിനടുത്ത് കൂവയ്ക്കാപ്പിള്ളി കോളനിക്കും ഒലിപ്പുറം ലക്ഷംവീടിനുമിടയ്ക്കുള്ള അപകട സ്ഥലത്തെത്തുമ്പോഴേയ്ക്കും ആംബുലൻസും എത്തി.
ഉടൻ ഭാര്യയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ‘അവളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ ഐ.സി.യു.വിലാണിപ്പോഴും’-വാക്കുകളിൽ ആശങ്ക ഒഴിയുന്നില്ല.
Leave a Reply