തിരുവനന്തപുരം : രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരളാ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചു പണിതാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പത്തു മണിക്ക് ശേഷം നിലവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്ത് അനുമതിയില്ല. ഇതിനിടെ, ആഴ്ചയില്‍ ഒരു ദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും നിയമത്തില്‍ പറയുന്നു. നിലവില്‍, തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെ ഉള്‍പ്പെടെ വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.
രാത്രി ഏഴു മണിക്ക് ശേഷം സ്ത്രീ തൊഴിലാളികളെ ജോലിചെയ്യിക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ തീരുമാനം അനുസരിച്ച് യാത്രാ സൗകര്യം ഒരുക്കയാല്‍ സ്ത്രീകള്‍ക്ക് ഏതു സമയത്തും ജോലി ചെയ്യാം. തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടു മണിക്കൂറില്‍ നിന്നും ഒന്‍പത് മണിക്കൂറായി ഉയര്‍ത്തി. അധിക ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കിണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പരിഷ്‌കരിച്ച നിയമവ്യവസ്ഥകള്‍:
പത്ത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. 24 മണിക്കൂറും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാം. അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം പ്രവര്‍ത്തിക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാവുന്നു. ഒരുമണിക്കൂര്‍ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിന് ഇരട്ടി ശമ്പളം. ഓരാഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂര്‍. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു അവധി. സ്ത്രീകള്‍ക്ക് രാത്രി ഒന്‍പതുമണിവരെ ജോലി.
സ്ത്രീതൊഴിലാളികളുടെ സമ്മതമനുസരിച്ച് രാത്രി ഒന്‍പതിന് ശേഷവും ജോലിയില്‍ തുടരാം. സ്ത്രീകള്‍ക്ക് രാത്രി യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ലേബര്‍ ഇന്‍സ്‌പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പത്തുവര്‍ഷമാക്കി. നിയമലംഘന പിഴ ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടുലക്ഷമായും കുറ്റം ആവര്‍ത്തിയച്ചാല്‍ അഞ്ചുലക്ഷമായും ഉയര്‍ത്തി. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറിയും സ്ത്രീകള്‍ക്ക് സാനിട്ടറി സംവിധാനങ്ങളും നല്‍കണം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്കപരിഹാര വേദി എന്നിവയും ഉറപ്പാക്കണം.
Leave a Reply