സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതെന്ന് സിഡബ്ല്യുആര്‍ഡിഎം മുന്നറിയിപ്പ് നല്‍കുന്നു. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി സിഡബ്ല്യുആര്‍ഡിഎം പരിശോധനയില്‍ കണ്ടെത്തി. മഴക്കുറവിന്റെ കണക്കുകള്‍ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടതിലും ഇത് സംബന്ധിച്ച സൂചനകളാണ് നല്‍കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ ഉണ്ടായിട്ടേയില്ല എന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ വലിയതോതില്‍ മഴയുടെ കുറവുണ്ടായി. ഇത് ഈ ജില്ലകളില്‍ ചൂട് ക്രമാതീതമായി ഉയരാനും കാരണമായി.

നദികളില്‍ നീരൊഴുക്ക് നിലയ്ക്കുകയും വറ്റാനും ആരംഭിച്ചു എന്ന് സിഡബ്ല്യുആര്‍ഡിഎം വ്യക്തമാക്കുന്നു. കിണറുകളിലെ ജലനിരപ്പും ആശങ്കാജനകമാംവിധം താഴുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭ്യമാകേണ്ട മഴയുടെ അളവിലുണ്ടായ സാരമായ കുറവാണ് ജലക്ഷാമത്തിലെത്തിച്ചത്. 38 ശതമാനം വരെയാണ് കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയുടെ കുറവ് രേഖപ്പെടുത്തിയത്. തുലാവര്‍ഷത്തില്‍ 15 ശതമാനം കുറവുണ്ടായ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഒരുമീറ്റര്‍ വരെ താഴ്ന്നു. 38 ശതമാനം മഴകുറവുണ്ടായ ഇടങ്ങളില്‍ ഭൂഗര്‍ഭജല വിതാനത്തിലെ വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.

ഉയര്‍ന്ന താപനില ബാഷ്പീകരണ തോത് ക്രമാതീതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും വെള്ളത്തിന്റെ അളവ് കുറയാനിടയാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലും മാര്‍ച്ച് ആദ്യവാരവും സംസ്ഥാനത്ത് കാര്യമായി മഴയുണ്ടായില്ല. പ്രളയശേഷം കേരളത്തില്‍ കാര്യമായ മഴ ലഭിച്ചിട്ടില്ല. മാര്‍ച്ച് ആദ്യവാരം വരെയുള്ള നിരീക്ഷണം അനുസരിച്ച് ഭൂഗര്‍ഭജലവിതാനം ഗണ്യമായി താഴുകയാണ്. നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍, വനവിസ്തൃതിയിലുണ്ടായ കുറവും ഭൂഗര്‍ഭജല പരിപോഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഭൂര്‍ഗര്‍ഭ ജലം താഴ്ന്നതും ജലസ്രോതസ്സുകള്‍ വറ്റുന്നതും ഗൗരവത്തില്‍ എടുക്കണമെന്നും സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ പല ജില്ലകളിലും ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ ലഭിച്ച മഴയുടെ അളവ് ആശങ്കപ്പെടുത്തുന്നതാണ്. സാധാരണ ഗതിയില്‍ ഈ മാസങ്ങളില്‍ കേരളത്തില്‍ 24.4 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നയിടത്ത് ഇത്തവണ 13.1മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ പൂജ്യം മില്ലിമീറ്റര്‍ മഴലഭിച്ചു അഥവാ മഴയുണ്ടായില്ല. ആലപ്പുഴയില്‍ മൂന്ന് മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയില്‍ 93 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 32 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ച മഴ 7.2 മില്ലിലിറ്റര്‍. -78 ശതമാനംകുറവ്. മലപ്പുറം- 0.4എംഎം(ലഭിക്കേണ്ടത്-5.6, കുറവ്- -92), തൃശൂര്‍-3.6 (ലഭിക്കേണ്ടത്-10.9, കുറവ്- -67), തിരുവനന്തപുരം-11.9 (ലഭിക്കേണ്ടത്- 40.4, കുറവ്- -70). ഇടുക്കി, കോട്ടയം,പാലക്കാട് ജില്ലകളിലും യഥാക്രമം -27,-56,-59 ശതാമനം മഴ കുറവ് രേഖപ്പെടുത്തി. വയനാട്, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് സാധാരണ ലഭിക്കേണ്ടചിനനുസൃതമായ രീതിയില്‍ മഴ ലഭിച്ചത്.

ആലപ്പുഴ, കോഴിക്കോട്,കാസര്‍കോഡ്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ താപനിലയില്‍ 5ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ കാരണമായത് മഴകുറവ് മൂലമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും കൂടതല്‍ ചൂടുയര്‍ന്നത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ്. 3 ഡിഗ്രി സെല്‍ഷ്യസ് മുല്‍ 5 ഡിഗ്രി വരെ താപനില ഉയര്‍ന്നു. ആലപ്പുഴയാണ് തൊട്ടുപിന്നില്‍. 2.5 മുല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ ഉയര്‍ച്ചയുണ്ടായതായി കണക്കുകള്‍ പറയുന്നു. വേനല്‍ കടുക്കുന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂടും, ജലക്ഷാമവും ഏറുമെന്ന് ഭൗമശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.