സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലോകത്തിന് മുമ്പിൽ കേരളം മാതൃക. കോവിഡ് 19 നെ പിടിച്ചുകെട്ടിയ കേരളത്തിന്റെ പദ്ധതികൾ ബിബിസിയിൽ പങ്കുവെച്ച് കേരള സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ. മലയാളികൾ സ്നേഹത്തോടെ ശൈലജ ടീച്ചർ എന്ന് വിളിക്കുന്ന ആരോഗ്യമന്ത്രിയുടെ അഭിമുഖം ബിബിസിയിൽ എത്തിയെന്നത് പ്രവാസി മലയാളികൾ അടക്കമുള്ള കേരളീയർക്ക് അഭിമാനമാണ്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒമ്പതിന് ബി.ബി.സി. വേൾഡ് ന്യൂസിലാണ് മന്ത്രി അതിഥിയായത്. അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. ഇന്ത്യയിലെ കോവിഡ് കണക്കുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് അഭിമുഖം ആരംഭിച്ചത്. ഒരു ലക്ഷത്തിൽ അധികം കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടും വെറും 601 കേസുകളും 4 മരണങ്ങളും ആണ് രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കൊച്ചു കേരളത്തിൽ ഉണ്ടായത്. ( മരിച്ചവരിൽ ഒരാൾ ഗോവ സ്വദേശി, കേരളത്തിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് ) മാർച്ച്‌ രണ്ടാം വാരം മുതൽ ഈ സമയം വരെ കേരളം സ്വീകരിക്കുന്ന ഉചിതമായ രോഗപ്രതിരോധ നടപടികളാണ് കൊറോണയെ തടഞ്ഞുനിർത്തുന്നത്.

ചൈനയിലെ വുഹാനിൽ രോഗം റിപ്പോർട്ടുചെയ്തപ്പോൾത്തന്നെ സംസ്ഥാനത്തും പ്രത്യേക കൺട്രോൾ റൂ തുറന്ന് മുന്നൊരുക്കങ്ങൾ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. ചൈനയിൽ നിന്ന് വിദ്യാർത്ഥികൾ എത്തുന്നതിനു മുമ്പ് തന്നെ കേരളത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ രോഗനിർണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. പുറത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം സജ്ജമാക്കി. ചെക്ക്പോസ്റ്റുകളിലും ജില്ലാ അതിർത്തികളിലും താപനില പരിശോധിക്കുന്ന നടപടി സ്വീകരിച്ചു. ഒപ്പം കേരളത്തിന് പുറത്തുനിന്നു എത്തുന്നവരോട് കർശനമായി ഹോം ക്വാറന്റൈനിൽ കഴിയാനും ആവശ്യപ്പെട്ടു. ജില്ലകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ അവർക്ക് സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു.

രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലിൽ പാർപ്പിച്ചു. സ്രവസാംപിൾ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാൽ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒറ്റക്കെട്ടായുള്ള പരിശ്രമമാണ് രോഗത്തെ പിടിച്ചുനിർത്തുന്നത്. വിദേശത്ത് കുടുങ്ങിപോയ മലയാളികളെ കഴിഞ്ഞ ആഴ്ച കേരളത്തിൽ എത്തിക്കുകയും അവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു വരുന്നു. ആറു മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ ആർദ്രം പദ്ധതിയെക്കുറിച്ചും കേരളത്തിലെ പ്രാഥമിക ആരോഗ്യരംഗങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഗാർഡിയനടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളും കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീർത്തിച്ചിരുന്നു.