ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുട്ടികൾക്കെതിരെ നിരവധി ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബ്രാഡ്ഫോർഡിൽ ഇപ്പോഴും കുട്ടികൾ സുരക്ഷിതരല്ലെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. രണ്ടു ദശാബ്ദത്തോളമായി തുടർന്നുവരുന്ന അക്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. 2019 ലും ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ക്ലയർ ഹൈഡിന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ 9 പേർ ജയിലിൽ ആയതിനെ തുടർന്നായിരുന്നു അന്ന് കമ്മീഷനെ നിയോഗിച്ചത്. കഴിഞ്ഞ വർഷം കൗൺസിൽ നടത്തിയ റിവ്യൂവിലും 283 മുതൽ 389 ഓളം കുട്ടികൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബ്രാഡ്ഫോർഡ് നഗരത്തിൽ മാത്രമായി ഏകദേശം 120 ഓളം പേരെയാണ് കുട്ടികളെ ദുരുപയോഗം ചെയ്തതിന് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 17 ഓളം കേസുകളിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.


ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ അന്വേഷണ റിപ്പോർട്ടിൽ, നഗര കൗൺസിലിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നുണ്ടെങ്കിലും, കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. ഇപ്പോഴും സമൂഹത്തിന്റെ പലഭാഗങ്ങളിലും കുട്ടികൾ ആക്രമണത്തിന് ഇരയാകുന്നുണ്ട്. എന്നാൽ നിരവധി അനുഭവങ്ങളിൽനിന്ന് തങ്ങൾ പാഠങ്ങൾ ഉൾക്കൊണ്ടതായും, വളരെയധികം മികച്ച രീതിയിലുള്ള ഒരു സംവിധാനമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ബ്രാഡ്ഫോർഡ് കൗൺസിൽ ചിൽഡ്രൻ സർവീസസ് സ്ട്രാറ്റജിക് ഡയറക്ടർ മാർക് ഡൗഗ്ലസ് വ്യക്തമാക്കി. പുതിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വളരെയധികം വേദനാജനകമാണെന്ന് മുൻ ചീഫ് ക്രൗൺ പ്രോസിക്യൂട്ടർ നസീർ അഫ് സൽ പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ആണ് ഉടൻ ഉണ്ടാകേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവൺമെന്റ് അധികൃതരുടെ ശ്രദ്ധ എത്രയും വേഗം ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്.