ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

പത്തനംതിട്ട : ഇന്ത്യയിലെ തന്നെ ആദ്യ ഗ്രാമീണ സൗജന്യ വൈഫൈ സംരംഭമാണ് കേരളത്തിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലേത്. പഞ്ചായത്തിലെ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ സൗജന്യ വൈ ഫൈ പ്രഖ്യാപിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ആയ എൻ രാജീവ് ആണ്. കോഴിമല, വള്ളംകുളം, ഓതറ, നന്നൂർ, ഇരവിപേരൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് സേവനം ലഭ്യമാവുക. വള്ളംകുളത്തെ ഗ്രാമ വിജ്ഞാന കേന്ദ്രം, കോഴി മലയിലെ പഞ്ചായത്ത് ഓഫീസ്, ഓതറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഇരവിപേരൂർ ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചത്.

ആക്ടീവ ഇൻഫോകോം ലിമിറ്റഡ്ന്റെ സഹായത്തോടെയാണ് നാലു ലക്ഷത്തി പതിനായിരം രൂപയുടെ പദ്ധതി എംപി ടി എൻ സീമ നടപ്പാക്കിയത്. പി എൻ പണിക്കർ ഫൗണ്ടേഷന്റെ സഹായത്തോടെ സമ്പൂർണ്ണ സാക്ഷരത കേന്ദ്രം ആവാനുള്ള ഒരുക്കത്തിലാണ് പ്രദേശം ഇപ്പോൾ.

കഴിഞ്ഞ അഞ്ചുവർഷമായി വികസനത്തിന് പാതയിൽ മുന്നേറുന്ന പഞ്ചായത്ത് ഈ വർഷത്തെ ആദ്യ മികച്ച പബ്ലിക് അഡ്മിനിസ്ട്രേഷന് ഉള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, സംസ്ഥാനത്തെ ശൗചാലയ മിഷൻ അവാർഡ്, ജില്ലാ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അവാർഡ് എന്നിവയും ഈ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഇരവിപേരൂരിനെ മോഡൽ ഹൈടെക് ഗ്രാമമായി തെരഞ്ഞെടുത്തിരുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷൻ ഉള്ള പഞ്ചായത്ത് അഡ്മിനിസ്ട്രേഷൻ സിസ്റ്റം ജനങ്ങൾക്ക് എസ്എംഎസ് അലർട്ട് ലൂടെ വിവരങ്ങൾ കൈമാറുന്നുണ്ട്. അതോടൊപ്പം തൊഴിലാളികളുടെ ശമ്പളം ഡിജിറ്റൽ പണമായി മാസത്തിലെ ആദ്യ പ്രവൃത്തിദിവസം തന്നെ ബാങ്കിൽ എത്തുന്നു.
സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ9001 സർട്ടിഫൈഡ് പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇവിടെയാണുള്ളത്.