മഹാപ്രളയത്തിെൻറ ഓർമകളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തെ വീണ്ടും പ്രളയദുരിതങ്ങളിലേക്ക് തള്ളിവിട്ടത് 24 മണിക്കൂറിനിടിയിൽ പെയ്തിറങ്ങിയ അതിതീവ്രമഴ. വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത മഴയാണ് ഒറ്റദിവസം കൊണ്ട് 12 ജില്ലകളെയും ‘മിന്നൽ പ്രളയത്തിൽ’ മുക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
വ്യാഴാഴ്ച 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ പാലക്കാട് 293.1 മി.മീറ്റർ മഴയാണ് പെയ്തത്. സംസ്ഥാനത്തിെൻറ ചരിത്രത്തിൽ തന്നെ ആദ്യമായാണ് 24 മണിക്കൂറിനിടയിൽ ഇത്രയും മഴ ലഭിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് ആഗസ്റ്റ് 16ന് ഇടുക്കിയിൽ പെയ്ത 260.48 മി.മീറ്ററായിരുന്നു ഒരുദിവസം കേരളത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴ.
മഴ ദുരന്തം വിതച്ച വയനാട് ജില്ലയിൽ 249.5 മി.മീറ്റർ മഴയാണ് 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങൾമൂലം പൂക്കോട്ട്, മാനന്തവാടി സബ് സ്റ്റേഷനുകളിൽ നിന്നുള്ള വിവരം ലഭ്യമല്ല. ഈ സ്റ്റേഷനുകളിലെ കണക്കുകൂടി ലഭിച്ചാൽ മഴയുടെ അളവ് 300 മി.മീറ്റർ കടന്നേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
എറണാകുളം നെടുമ്പാശ്ശേരി ഭാഗത്ത് 212 മി.മീറ്ററും മലപ്പുറത്ത് 170.4, തൃശൂരിൽ 145.7, കോഴിക്കോട് 137. 6, കണ്ണൂരിൽ 100 മി.മീറ്റർ മഴയും പെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ 18 വരെയുള്ള മഹാപ്രളയകാലത്തെ മഴയേക്കാളും കൂടുതൽ മഴ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പെയ്തെങ്കിലും സ്ഥിതിഗതികൾ രൂക്ഷമാകാത്തത് ജൂൺ, ജൂലൈ മാസങ്ങളിലുണ്ടായ മഴക്കമ്മി കാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ട് ന്യൂനമർദവും ചേർന്നതാണ് കേരളത്തിലെ കാലാവസ്ഥയെ പൊടുന്നനെ മാറ്റിമറിച്ചത്.
രണ്ടാഴ്ച മുമ്പ് വരെ മൺസൂണിൽ 40 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂറിലെ മഴമൂലം കുറവ് 14 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. കോഴിക്കോട് മൂന്ന് ശതമാനവും പാലക്കാട് ആറ് ശതമാനവും അധികമഴ ലഭിച്ചിട്ടുണ്ട്. മറ്റ് 12 ജില്ലകളും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.
Leave a Reply