പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.
ഒടുവിൽ സിപിഐയുടെ സമ്മർദത്തിന് വഴങ്ങിയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മന്ത്രി സഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ വകുപ്പ് കത്ത് ബോധ പൂർവ്വം വൈകിപ്പിച്ചു. കത്തയക്കാൻ വൈകുന്നതിൽ ഇന്നും സിപിഐ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് കത്തയച്ചത്. ഇതിനിടെ തടഞ്ഞു വെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡു കേന്ദ്രം അനുവദിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സർക്കാർ തീരുമാനം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചതെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ എടുത്ത നിലപാട് അറിയിച്ചിരുന്നതായി ശിവൻകുട്ടി പറഞ്ഞിരുന്നു. രേഖാമൂലമായിരുന്നില്ല അറിയിച്ചതെന്നും വാക്കാൽ പറഞ്ഞതാണെന്നുമാണ് അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് ശിവൻകുട്ടി പറഞ്ഞത്.











Leave a Reply