കോവിഡിന്റെ തിരക്കിനിടയിലും ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുന്നു. കൊല നടന്ന് നാലു മാസം പിന്നിട്ടിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന ആളെ തിരിച്ചറിയാന്‍ ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ആലീസ് കൊല്ലപ്പെട്ടത് നവംബര്‍ പതിനാലിനായിരുന്നു. ഭര്‍ത്താവു മരിച്ച ശേഷം വീട്ടില്‍ തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രികാലങ്ങളില്‍ അയല്‍വാസിയായ സ്ത്രീ കൂട്ടിനു വരും.
രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ ശേഷം പിന്നെ, ആലീസ് പുറത്തു പോകാറില്ല. രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്‍ട്ടന്‍ പണിക്കാരെ മാത്രം. മറ്റാരേയും അയല്‍വാസികള്‍ കണ്ടിട്ടില്ല. കൊലയാളിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചതുമില്ല. ഏതൊരു കുറ്റകൃത്യം നടന്ന സ്ഥലത്തും കുറ്റവാളി തെളിവുകള്‍ അവശേഷിച്ചു പോകുമെന്നാണ് പൊലീസിന്റെ പതിവു കണക്കുക്കൂട്ടല്‍. ഇക്കാര്യത്തില്‍ അങ്ങനെയൊരു തെളിവു കിട്ടിയതാകട്ടെ ഒരു ന്യൂസ് പേപ്പറിന്റെ കഷണം.
ആയുധം പൊതിഞ്ഞു കൊണ്ടുവന്നത് ഈ പേപ്പറിലാെണന്ന് സംശയിച്ചു. ന്യൂസ് പേപ്പറിന്റെ പിന്നാലെ പൊലീസ് പോയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സൈബര്‍ സെല്ലിന്റെ സഹായവും തേടി. മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നിട്ടും പിടികിട്ടിയില്ല. ഏറ്റവും ഒടുവില്‍ ആലീസിന്റെ മൃതദേഹത്തിനരികില്‍ നിന്ന് ഒരു മുടിനാരു കിട്ടി. ഇത് കൊലയാളിയുടേതാണെന്ന സംശയത്തില്‍ ഡി.എന്‍.എ. പരിശോധന നടത്തി വരുന്നു. സംശയമുള്ളവരുടെ ഡി.എന്‍.എയുമായി ഒത്തു വരുന്നുണ്ടോെയന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊലയാളിയെ കണ്ടെത്താന്‍ ആവുന്നത്ര പരിശ്രമിക്കുന്നുണ്ടെങ്കിലും അന്വേഷണം ഇനിയും ലക്ഷ്യത്തില്‍ എത്തിയിട്ടില്ല.
Leave a Reply