പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലുള്ള ബിനീഷ് കോടിയേരി ബുധനാഴ്ച രാത്രി കഴിഞ്ഞത് ആശുപത്രി വാർഡിൽ. ഇന്നലെ ഉച്ചയ്ക്കു 3.30ന് കോവിഡ് പരിശോധനയ്ക്കായി സ്രവ സാംപിൾ ശേഖരിക്കുന്നതു വരെ, ഇവിടെ ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു.

വൈകിട്ടോടെ ക്വാറന്റീൻ സെല്ലിലേക്കു മാറ്റി. കോവിഡ് ഫലം വരുംവരെ ഇവിടെയാണ്. നെഗറ്റീവ് ആണെങ്കിൽ സാധാരണ സെല്ലിലേക്കു മാറ്റുമെന്നു ജയിൽ അധികൃതർ പറഞ്ഞു. ജയിലിൽ 8498 ആണു ബിനീഷിന്റെ നമ്പർ. ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദും കൂട്ടുപ്രതി റിജേഷും പാരപ്പനയിലാണ്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ചയാണു ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ അന്നു രാത്രി ഏഴരയോടെ ജയിൽ അധികൃതർക്കു കൈമാറി. ഒക്ടോബർ 29ന് അറസ്റ്റിലായതിനു പിന്നാലെ 14 ദിവസം ഇഡി ചോദ്യം ചെയ്തതിനു ശേഷമാണു റിമാൻഡ്.

ഇഡി റിപ്പോർട്ടിൽ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്നു പരാമർശമുള്ള അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹം. അനിക്കുട്ടന്റെ ഫെയ്സ്‌ബുക് പ്രൊഫൈലിൽ അരുൺ എന്നാണത്രേ. അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

ബിനീഷിന്റെയും ബെനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫൈനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളാണു സംശയനിഴലിൽ.

ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം. 2008-13 ൽ ദുബായിലായിരുന്ന ബിനീഷിന്റെ അവിടുത്തെ സാമ്പത്തിക ഇടപാടുകളും ബെനാമി സ്ഥാപനങ്ങളെന്ന് ഇഡി സംശയിക്കുന്ന യുഎഎഫ്എക്സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്സ്, കെ കെ റോക്ക്സ് ക്വാറി തുടങ്ങിയവയുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.