ധനസഹായം പ്രവഹിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിനു ശ്രമം. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡി. അതിനു പകരം kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്.
ഒരു അക്ഷരത്തില്‍ വ്യത്യാസം വരുത്തിയാണ് വലിയ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയവയിൽ യുപിഐ സംവിധാനമുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഒരാളെ അറസ്റ്റു ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
തൃശൂര്‍ സിറ്റിയിൽ മൂന്ന്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ എത്തിയത് 1.61 കോടി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. നിധിയിലേക്ക് ആകെ ലഭിച്ച തുക 4359.68 കോടിരൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചിലൂടെ സമാഹരിച്ചതും ഇതര സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും സംഭാവന നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും നിധിയില്‍നിന്ന് ഇതുവരെ നല്‍കിയത് 2008 കോടി രൂപയാണ്. സാധാരണ രീതിയില്‍ ശരാശരി 25 മുതല്‍ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായതോടെയാണു ജനം ‘ഡൊണേഷൻ ചാലഞ്ച്’ ഏറ്റെടുത്തത്.
Leave a Reply