തിരുവനന്തപുരം ∙ കേരള കോൺഗ്രസിലെ അധികാരത്തർക്കം നിയമസഭയിലുമെത്തിയതോടെ ജൂൺ ഒൻപതിനകം പുതിയ കക്ഷിനേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് ഇരുവിഭാഗങ്ങൾക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ‘റൂളിങ്’. ഉപനേതാവായ പി.ജെ. ജോസഫിന് അതുവരെ മുൻനിരയിൽ കെ.എം. മാണിക്കുണ്ടായിരുന്ന കക്ഷിനേതാവിന്റെ സീറ്റ് അനുവദിച്ചു. സ്പീക്കർക്കു കത്തു കൊടുത്തതിന്റെ പേരിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയതോടെ കേരള കോൺഗ്രസ് തർക്കം യുഡിഎഫ് നിയമസഭാകക്ഷിയെ ഉലച്ചു തുടങ്ങി.

കെ.എം. മാണി നിയമസഭയിൽ വഹിച്ചിരുന്ന ‘ലീഡർ’ പദവിക്കു വേണ്ടി അദ്ദേഹത്തിന്റെ വിയോഗത്തെതുടർന്ന് ഉടലെടുത്ത തർക്കത്തിലാണു സ്പീക്കർക്ക് ഇടപെടേണ്ടിവന്നത്. ജോസഫിന് ആ സീറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫും അതിനെ എതിർത്ത് പാർട്ടി വിപ് റോഷി അഗസ്റ്റിനും കത്തു നൽകിയതായി സ്പീക്കർ സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപനേതാവ് ഉള്ളതിനാൽ മുൻനിരയിൽ കസേര ക്രമീകരിക്കണമെന്നായിരുന്നു മോൻസിന്റെ കത്ത്. കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ലാത്ത സാഹചര്യത്തിൽ ആർക്കും നേതാവായി അംഗീകാരം നൽകരുതെന്നു റോഷിയും ആവശ്യപ്പെട്ടു. കക്ഷി നേതാവിന് അംഗീകാരം നൽകുന്നതു താനല്ല, അതു പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നു സ്പീക്കർ വ്യക്തമാക്കി. മുൻനിരയിലെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല. കക്ഷിനേതാവിന്റെ അഭാവത്തിൽ ഉപനേതാവിന് ആ കസേര അനുവദിക്കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണ്. കത്തു ലഭിച്ചില്ലെങ്കിലും അതു ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.