തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴയിൽ നിറഞ്ഞ 63 അണക്കെട്ടുകൾ തുറന്നുവിട്ടു.വൈദ്യുതി ബോർഡിനു കീഴിലെ അണക്കെട്ടുകളിൽ ഒന്നൊഴികെയുള്ളതെല്ലാം തുറന്നതായി വൈദ്യുതി ബോർഡ് ഡാം സേഫ്റ്റി വിഭാഗം ചീഫ് എൻജിനിയർ ബിബിൻ ജോസഫ് പറഞ്ഞു. 25 വർഷത്തിനിടെ ആദ്യമായാണ് ഇറിഗേഷനു കീഴിൽ ഇത്രയും അണക്കെട്ടുകൾ തുറക്കുന്നതെന്ന് ചീഫ് എൻജിനിയർ പി.എച്ച്. ഷംസുദീൻ പറഞ്ഞു.
തുറന്ന അണക്കെട്ടുകൾ
കുറ്റ്യാടി
എല്ലാ ഷട്ടറും തുറന്നു. മഴക്കാലത്ത് എല്ലാ വർഷവും മുഴുവൻ ഷട്ടറും തുറക്കും.
മലമ്പുഴ
നാല് ഷട്ടർ ഒന്നര മീറ്റർവീതം തുറന്നു. നാലുവർഷത്തിനുശേഷമാണ് തുറക്കുന്നത്.
പോത്തുണ്ടി
മൂന്നു ഷട്ടർ ഒന്നര മീറ്റർ തുറന്നു.
കാരാപ്പുഴ
മൂന്നു ഷട്ടർ 20 സെന്റിമീറ്റർവീതം തുറന്നു. എല്ലാവർഷവും തുറക്കുന്നതല്ല.
മംഗലം
ആറു ഷട്ടർ 20 സെന്റിമീറ്റർ തുറന്നു.
വാഴാനി
നാല് ഷട്ടർ പത്തു സെന്റിമീറ്റർ തുറന്നു.
പീച്ചി
നാല് ഷട്ടർ 30 സെന്റിമീറ്റർ തുറന്നു.
മലങ്കര
നാല് ഷട്ടർ ഒരു മീറ്റർ വീതം തുറന്നു.
നെയ്യാർ
60 സെന്റിമീറ്റർ തുറന്നു. കൂടുതൽ മഴ പെയ്താൽ എല്ലാ വർഷവും തുറക്കും.
കല്ലട
മൂന്നു ഷട്ടർ രണ്ടര സെന്റിമീറ്റർ തുറന്നു. കഴിഞ്ഞവർഷവും തുറന്നു.
ബാരേജുകൾ നാലെണ്ണം തുറന്നു
നദിക്കു കുറുകെ കെട്ടിയ തടയണകളാണ് ബാരേജുകൾ. ഭൂതത്താൻകെട്ട്, മണിയാർ ബാരേജ്, പഴശി , മൂലത്തറ ബാരേജുകൾ തുറന്നു. ഇവ നാലെണ്ണവും എല്ലാമഴക്കാലത്തും തുറക്കുന്നവയാണ്.
ഇടുക്കി
ഇടുക്കി ആർച്ച് ഡാം, ചെറുതോണി, കുളമാവ് അണക്കെട്ടുകൾക്കായി ഒരു സ്ഥലത്തുമാത്രമാണ് ഷട്ടറുള്ളത്. ഇന്നലെ ട്രയലായി തുറന്നു. ജലം അനിയന്ത്രിതമായി നിറയുന്നതിനാൽ ഇന്നു രണ്ടു ഷട്ടറുകൾ തുറന്നേക്കും.
തുറക്കുമെന്നു മുന്നറിയിപ്പുള്ള അണക്കെട്ടുകൾ
വാളയാർ, മീങ്കര, ചിമ്മിനി, ചുള്ളിയാർ എന്നിവ തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിട്ടുണ്ട്.
പാലക്കാട്ടെ ശിരുവാണി അണക്കെട്ടിന് ഷട്ടറില്ലാത്തതിനാൽ വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. കോയമ്പത്തൂർ നഗരത്തിലേക്കായി തമിഴ്നാട് കേരളത്തിൽ നിർമിച്ച അണക്കെട്ടാണിത്.
വൈദ്യുതി ബോർഡിന്റെ 53 അണക്കെട്ടുകൾ തുറന്നു
വൈദ്യുതി ബോർഡിന്റെ 59 അണക്കെട്ടുകളിൽ 53 എണ്ണവും തുറന്നു. വൈദ്യുതിബോർഡിന്റെ വലിയ അണക്കെട്ടുകളായ പമ്പ, ഷോളയാർ, മാട്ടുപ്പെട്ടി എന്നിവ ജൂണിൽ മഴ കനത്തതുമുതൽ തുറന്നിരിക്കുകയാണ്.ഇടത്തരം അണക്കെട്ടുകളായ കുറ്റ്യാടി, തേരിയോട് പൊന്മുടി എന്നിവയും ചെറുകിട അണക്കെട്ടുകളായ നേര്യമംഗലം, പൊരിങ്ങൽ, ലോവർ പെരിയാർ എന്നിവയും തുറന്നിരിക്കുകയാണ്.കണ്ണൂരിലെ ബാരാപ്പോൾ നദിക്കു കുറുകേ കിടങ്ങു കുഴിച്ച് വെള്ളം വിട്ടിരിക്കുന്നതിനാൽ ഷട്ടർ തുറക്കേണ്ടതില്ല. നിർമാണം നടക്കുന്ന കക്കി, ചെങ്കുളം, ആനയിറങ്കൽ, കക്കാട് അണക്കെട്ടുകളിൽ വെള്ളം നിറയ്ക്കുന്നില്ല. മൂന്നാറിലെ കുണ്ടള അണക്കെട്ട് 61 ശതമാനം നിറഞ്ഞിട്ടുണ്ട്.
Leave a Reply