സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ആഗസ്റ്റ് 31ന് സൗത്ത് യോർക്ക് ഷെയറിലെ പ്രസിദ്ധമായ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന യുക്മ വള്ളംകളിയുടെ ടീം രജിസ്ട്രേഷന്‍  ഓക്സ്ഫോർഡിൽ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കേരളാ പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവും,  സി എം പി ജനറല്‍ സെക്രട്ടറിയുമായ സി പി ജോണ്‍ ഏറ്റുവാങ്ങി.

തുടര്‍ന്ന് നടത്തിയ ഹൃസ്വമായ പ്രസംഗത്തില്‍ മലയാളികളുടെ കുടിയേറ്റ സംസ്ക്കാരവും സംഘാടക-സംരംഭക മേഖലകളില്‍ കൈവരിക്കുന്ന നേട്ടവുമെല്ലാം വിവിധ കാലഘട്ടങ്ങളിലെ ഉദാഹരണ സഹിതം അദ്ദേഹം വിവരിച്ചു. വിദേശരാജ്യങ്ങളിലേയ്ക്ക് പ്രത്യേകിച്ച് ബ്രിട്ടണിലേയ്ക്ക് കുടിയേറിയിരിക്കുന്ന മലയാളികള്‍ക്ക് കേരളസംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാവുമെന്നും അതിനായി ബ്രിട്ടണിലെ പ്രവാസി മലയാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നിക്ഷേപങ്ങളേക്കാള്‍ കൂടുതലായി വിവിധ മേഖലകളിലായി ബ്രിട്ടണില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത വിജ്ഞാനം നമ്മുടെ നാടിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിലാണ് കൂടുതലായ പഠനം നടക്കേണ്ടതെന്ന് അദ്ദേഹം വിശദമാക്കി. യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ അതിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ വള്ളംകളിയുടെ ടീം രജിസ്ട്രേഷന്‍ ചുമതലയുള്ള ജേക്കബ് കോയിപ്പള്ളിയാണ് സി പി ജോണിന് രജിസ്റ്റര്‍ ചെയ്ത 24 ടീമുകളുടെ പേരുകളും അവര്‍ തെരഞ്ഞെടുത്ത ജഴ്സികളുടെ മോഡലുകളും മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങളുടെ വിവരങ്ങളും അടങ്ങിയ ഫയല്‍ നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷം നടന്ന വള്ളംകളിയും കാര്‍ണിവലും സംബന്ധിച്ച വിവരങ്ങള്‍ ദേശീയ ജോ.  ട്രഷററും മുന്‍ ടൂറിസം ക്ലബ് വൈസ് ചെയര്‍മാനുമായ ടിറ്റോ തോമസ് യോഗത്തിൽ വിശദീകരിച്ചു. ഫയല്‍ വിശദമായി പരിശോധിച്ച സി പി ജോൺ യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സംരംഭം ഒരു വന്‍വിജയമാകട്ടെയെന്ന് ആശംസിക്കുകയും സംഘാടകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.  തുടര്‍ന്ന് “കേരളാ പൂരം 2019” ചുമതലയുള്ള യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന് അദ്ദേഹം ഫയല്‍ കൈമാറി. ചടങ്ങിന് യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ  പ്രസിഡന്റ് വര്‍ഗ്ഗീസ് ചെറിയാന്‍ സ്വാഗതം ആശംസിക്കുകയും ഓക്സ്മാസ് പ്രസിഡന്റ് ജയകൃഷ്ണന്‍ നായര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഫിലിപ്പ് വര്‍ഗ്ഗീസ്, സിബി കുര്യാക്കോസ്, ജുനിയ റെജി, മജോ തോമസ്, എബി പൊന്നാംകുഴി, തോമസ് ജോണ്‍, സാഞ്ചോ മാത്യു  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യുക്മ കേരളാ പൂരം വള്ളംകളി കാർണിവലുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള (07960357679), ജനറൽ സെക്രട്ടറി അലക്സ് വർഗീസ് (07985641921), കേരളാ പൂരം ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ (07702862186) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.