ഗൾഫിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല കല്ലുങ്കൽ സ്വദേശി കുര്യൻ.പി.വർഗീസ് ദുബായിലാണ് മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 91 ആയി. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലികണ്ടി ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 197 മലയാളികളാണ് ഗൾഫിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

സംസ്ഥാനത്ത് 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് തുടര്‍ച്ചയായ മൂന്നാംദിവസമാണ്. നാളെ കൂടുതല്‍ ഇളവുകളിലേക്ക് സംസ്ഥാനം കടക്കാനിരിക്കെയാണ് രോഗികളുടെ എണ്ണത്തില്‍ ഈ വന്‍ വര്‍ധന.

മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി.

എയര്‍പോര്‍ട്ട് വഴി 47,033 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,20,590 പേരും റെയില്‍വേ വഴി 18,375 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,87,619 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,91,481 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,89,765 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1716 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,324 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 20,362 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 5,731 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,11,930 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ നിരീക്ഷണത്തിലുളള രണ്ടു ലക്ഷത്തോളം‍പേര്‍ ക്വാറന്‍റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു ഉറപ്പാക്കുകയാണ് ഇനി സര്‍ക്കാരിന്‍റെ മുമ്പിലുളള വെല്ലുവിളി. സമൂഹ വ്യാപനമുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ ദ്രുതപരിശോധന തുടങ്ങും.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ അതിജാഗ്രത തുടരുകയാണ്.

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സമയത്തേക്കാളും ഗുരുതരമായ സാഹചര്യം നിലനില്ക്കുമ്പോഴാണ് കൂടുതല്‍ ഇളവുകള്‍ വരുന്നത്. തുടര്‍ച്ചയായ 3 ദിവസങ്ങളില്‍ നൂറിലധികം പുതിയ രോഗികള്‍. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള പാലക്കാട്ട് സമ്പർക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. കോവിഡ് ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പതിനാലു പേർ ഉൾപ്പെടെ ഇരുപത്തിയൊന്ന് ആരോഗ്യപ്രവർത്തകരാണ് ഇതിനോടകം രോഗബാധിതരായത്.

സമൂഹവ്യാപനത്തിന്റെ അരികെയെന്ന് സൂചന ലഭിച്ചതോടെ അതിജാഗ്രതയിലാണ് ജില്ല. ഉറവിടമറിയാത്ത രോഗബാധിരും മരണവുമുണ്ടായ കണ്ണൂര്‍, കൊല്ലം ജില്ലകളിലും കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ക്വാറന്റീന്‍ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു. ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം പേരാണ് നീരീക്ഷണത്തില്‍. ഭൂരിഭാഗം പേരും അതിതീവ്ര മേഖലകളില്‍ നിന്നു വരുന്നവരും. അതു കൊണ്ടുതന്നെ ഇവര്‍ നിരീക്ഷണ പരിധി ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ വാര്‍ഡ് തല സമിതികള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

നാളെ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കുന്നതിന് മുന്നോടിയായി ശുചീകരണവും അണുനശീകരണവും നടത്തണം. ചൊവ്വാഴ്ചയോടെയാണ് പ്രവര്ത്തനം തുടങ്ങുക. ഒരേസമയം ഏറ്റവും കുറച്ചുപേരെ മാത്രം പ്രവേശിപ്പിക്കുക, ശാരീരിക അകലം, മാസ്ക്ക്, സാനിറ്റെസേഷന് ഇവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍. പ്രായമായവര്‍, കുട്ടികള്‍ എന്നിവരെ പ്രവേശിപ്പിക്കരുത്. രക്തപരിശോധനയിലൂടെ രോഗവ്യാപനം കണ്ടെത്തുന്ന ആന്റിബോഡി പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും നാളെ തുടക്കമാകും. ഹൈറിസ്ക് വിഭാഗത്തില്‍പെട്ട പതിനായിരം പേരിലാണ് പരിശോധന.