കേരളത്തിന്റെ ഔദ്യോഗിക ഫലം ഇനി ചക്ക. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.
ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.
പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനവും നശിച്ചു പോകുന്നു. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാല്‍, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്‌കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
Leave a Reply