ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കൊച്ചി ചേരാനല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ജന്മനാടിന്റെ അന്ത്യാഞ്ജലി. ചേരാനല്ലൂര്‍ പനേലില്‍ നളിനിയമ്മയുടേയും മകന്‍ വിദ്യാസാഗറിന്റേയും സംസ്കാരം ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പില്‍ നടക്കും. മകള്‍ ജയശ്രീയുടെ മൃതദേഹം വൈകിട്ട് നാലിന് ചോറ്റാനിക്കരയില്‍ വീട്ടുവളപ്പിലും സംസ്കരിക്കും. ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളുമടക്കം നൂറ് കണക്കിന് ആളുകളാണ് മൂവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനായെത്തിയത്.

കൃത്യം ഒരാഴ്ച മുന്‍പാണ് നളനിയമ്മയും മക്കളും ബന്ധുക്കളുമടങ്ങുന്ന 13 അംഗ സംഘം ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ കളിചിരികളോടെ ഇതേ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നത്. പക്ഷേ എല്ലാ സന്തോഷവും കെടുത്തി കളഞ്ഞു കഴിഞ്ഞ പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ ഹോട്ടല്‍ മുറി വിഴുങ്ങിയ അഗ്നിനാളങ്ങള്‍. എയര്‍ ഇന്ത്യ വിമാനത്തിലാണ് അമ്മയുടെയും മക്കളുടേയും മൃതഹേദങ്ങള്‍ രാവിലെ എട്ടരയോടെ നെടുമ്പാശേരിയിലെത്തിച്ചത്.

ഹൈബി ഈഡന്‍ എംഎല്‍എ അടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് മൃതദേഹങ്ങളും ചേരാനല്ലൂരിലെ തറവാട് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ക്ക് പുറമേ നാട്ടുകാരുടേയും വലിയ പ്രവാഹമായിരുന്നു.

11 മണിയോടെയാണ് ഇവര്‍ക്കൊപ്പം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ മടങ്ങിയെത്തിയത്. ഹോട്ടലിലെ തീപിടിത്തതില്‍ നിന്ന് ്പരുക്കേല്‍ക്കാതെ ഇവരെല്ലാം രക്ഷപ്പെട്ടിരുന്നു. നളനിയമ്മയും കുടുംബവും താമസിച്ചിരുന്ന ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. വിനോദസഞ്ചാരത്തിനായി ഹരിദ്വാറിലേക്ക് പോകാനിരിക്കെയായിരുന്നു ദാരുണ ദുരന്തം.