മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കാമുകിയും കാമുകിയുടെ ഭര്‍ത്താവുമെന്ന് സൂചന. കൊല്ലപ്പെട്ട പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) നെ ഇരുവരും ചേര്‍ന്ന് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെമ്പന്‍ വിനോദ് എന്ന കുപ്രസിദ്ധ ഗുണ്ടയേയും ഇയാളുടെ ഭാര്യ കുഞ്ഞുമോളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വെവ്വേറെയായി ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് കൊലപാതകം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. ചോദ്യം ചെയ്യലില്‍ വിനോദിന്റെ ഭാര്യ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയതായാണ് അറിയുന്നത്.

ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് വീട്ടിലില്ലെന്നും ഒന്ന് കാണണം എന്നും പറഞ്ഞ് കുഞ്ഞുമോള്‍ കൊല്ലപ്പെട്ട സന്തോഷിനെ വിളിക്കുന്നത്. വിനോദിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫോണ്‍ വിളി. എന്നാല്‍ ഫോണ്‍ എടുത്തത് ഇയാളുടെ പിതാവ് ആയിരുന്നു. ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചുവെന്നുമാണ് കുഞ്ഞുമോള്‍ മൊഴി നല്‍കിയത്. മൊഴിയില്‍ ഇത്രയും മാത്രമേ കുഞ്ഞുമോള്‍ വെളിപ്പെടുത്തിയുള്ളൂവെങ്കിലും കൊലയ്ക്ക് ഇരുവര്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

സന്തോഷിന്റെ ഫോണിലേക്ക് വന്ന അവസാന വിളി കുഞ്ഞുമോളുടെതാണ്. കുഞ്ഞുമോള്‍ വിളിച്ച പ്രകാരം വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ കൊലനടത്തിയതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും സ്ഥലത്ത് വച്ചാകാം കൃത്യം നടപ്പിലാക്കിയതെന്നും കരുതുന്നു. കുഞ്ഞുമോളുടെ മൊഴി പ്രകാരം ബുധനാഴ്ച കൊല നടത്തിയതാണെങ്കില്‍ പോലീസ് കരുതുന്നതുപോലെ മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കം എ്ന്നത് ശരിയാകും. കൊല നടത്തിയത് വിനോദ് ഒറ്റയ്ക്കാണോ അതോ മറ്റാരെങ്കിലും സഹായിച്ചോ എന്നും വ്യക്തമല്ല. അറസ്റ്റിലായ ദമ്പതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്നും കൊലപാതകത്തിന്‍റെ ചുരുള്‍ അഴിക്കമെന്ന പ്രതീക്ഷയിലാണ് പോലീസ്.

വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയുമായി അവിഹിതബന്ധം സ്ഥാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം. തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം മുറിച്ചു വേര്‍പെടുത്തുകയായിരുന്നു. തലയും അരഭാഗവും മുറിച്ചു മാറ്റിയത് കൃത്യതയോടെ. വസ്ത്രങ്ങളില്‍ രക്തക്കറ വ്യക്തമായിട്ടില്ല. കൊലപാതക ശേഷം വസ്ത്രം ധരിപ്പിച്ചതാണോയെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹത്തിന്റ വൃക്ഷണം തകര്‍ത്തത് പ്രതിയോടുള്ള പക സൂചിപ്പിക്കുന്നതാണ്. സന്തോഷും വിനോദും ഉള്‍പ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിനോദ് കോടതി വരാന്തയില്‍ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും പൊലീസിനും വിവരം ലഭിച്ചിരുന്നു.

കോട്ടയം പുതുപ്പള്ളി റോഡില്‍ മന്ദിരം കവലയിലുള്ള മുണ്ടകപാടം കല്ലുങ്കിനു സമീപത്തെ റോഡരികില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ഭാഗങ്ങളായി മുറിച്ചു രണ്ട് പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി തള്ളിയ നിലയിലായിരുന്നു. നാല് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിക്കുന്ന നിലയിലായിരുന്നു. അഴുകിയ ശരീരമായതിനാല്‍ ദുര്‍ഗന്ധം രുക്ഷമായിരുന്നു. കോഴിമാലിന്യം ആണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ടകിടന്ന കാലുകള്‍ കണ്ടത്. തുടര്‍ന്നു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 9.30ഓടെ പ്രദേശവാസി ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്. മൃതദേഹത്തില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന നിലയിലാണ്. ചാക്കില്‍ നിന്ന് നീല നിറത്തിലുള്ള റബര്‍ ചെരിപ്പും 10 രൂപയുടെ നോട്ടും കണ്ടെടുത്തിട്ടുണ്ട്. മെഷീന്‍ വാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നാണ് കരുതുന്നത്. കഴുത്തിന് താഴ്ഭാഗം ഒരുചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്നും കരുതുന്നു. വെട്ടിമുറിച്ച മൃതദേഹം മറ്റെവിടെയോ തള്ളാനായി കൊണ്ടുപോയതാകാമെന്നും അതിന് കഴിയാഞ്ഞതിനാലാവാം തിരക്കേറിയ പുതുപ്പള്ളി റോഡിലെ ജനവാസ കേന്ദ്രത്തില്‍ ഉപേക്ഷിച്ചതെന്നും പോലീസ് കരുതുന്നു.

സ്വന്തം പിതാവിനെ തൊഴിച്ചുകൊന്ന കേസിലെ പ്രതിയാണ് പിടിയിലായ വിനോദ്. അച്ഛന്റെ വാരിയെല്ലുവരെ തകര്‍ത്തായിരുന്നു കൊല. അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. ഫെബ്രുവരിയിലായിരുന്നു സംഭവം. ജാമ്യത്തിലിറങ്ങിയ മേയ് 22 മുതല്‍ വിനോദ് ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുന്‍പിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. ഇപ്പോള്‍ താമസിക്കുന്ന ഇയാള്‍ കഴിഞ്ഞ പത്തുവരെ മുടങ്ങാതെ ഒപ്പിടുകയും ചെയ്തിരുന്നു.

∙ കുഞ്ഞുമോൾ ഫോണിൽ വിളിച്ചതനുസരിച്ചു കഴിഞ്ഞ 23നു രാത്രി 10 മണിയോടെ സന്തോഷ് മീനടം പീടികപ്പടിയിലെ കമ്മൽ വിനോദിന്റെ വാടക വീട്ടിലെത്തി.
∙ സന്തോഷ് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാനായി കുഞ്ഞുമോൾ അകത്തേക്കു കയറിയ നേരത്തു സന്തോഷിനെ വിനോദ് അടിച്ചുവീഴ്ത്തിയെന്നാണു കേസ്.
∙ വലിയ ആണികൾ പറിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പു ലിവർ കൊണ്ടാണ് അടിച്ചത്. ഈ ലിവർ ഇന്നലെ വിനോദിന്റെ വീട്ടിൽ നിന്നു കണ്ടെത്തി.
∙ അടിയേറ്റു സന്തോഷിന്റെ തലച്ചോറിനു ക്ഷതം പറ്റിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
∙ തുടർന്നു കുഞ്ഞുമോളുടെ സാന്നിധ്യത്തിൽ വിനോദ്, സന്തോഷിന്റെ മൂക്കിനുമുകളിൽ വീണ്ടും അടിച്ചെന്നും പൊലീസ് പറയുന്നു.
∙ സന്തോഷിന്റെ ശരീരം മുറ്റത്തരികിലെ വാഴച്ചുവട്ടിലേക്കു വലിച്ചു കൊണ്ടുപോയി മൂന്നു ഭാഗമായി അറത്തുമുറിച്ചു. മുറിക്കാൻ ഉപയോഗിച്ച ഈ കത്തിയും പൊലീസ് ഇന്നലെ കണ്ടെത്തി.
∙ രക്തം മറയ്ക്കാൻ വാഴച്ചുവട്ടിൽ മണ്ണിളക്കിയതും പൊലീസ് കണ്ടുപിടിച്ചു.
∙ ശരീര ഭാഗങ്ങൾ മൂന്നു ചാക്കിൽ കെട്ടി വിനോദ് ഓട്ടോറിക്ഷയുടെ സീറ്റിന്റെ താഴെ വച്ചു. കുഞ്ഞുമോളെയും കയറ്റി അർധരാത്രി ഓട്ടോയിൽ പോയി.
∙ കൊടൂരാറ്റിൽ നല്ല ഒഴുക്കുള്ള ഭാഗത്ത് ഉപേക്ഷിക്കാനായിരുന്നു പരിപാടി. ഓട്ടോ മാങ്ങാനത്തു വച്ചു നിന്നുപോയി. ആരെങ്കിലും കാണുമോ എന്ന പേടിയിൽ ശരീരഭാഗങ്ങൾ അവിടെ ഉപേക്ഷിച്ചു.
∙ ബാക്കി വന്ന ഒരു ചാക്കുമായി ഓട്ടോ കുറെ ദൂരം തള്ളിനീക്കി. ഇറക്കമുള്ള ഭാഗത്ത് ഓട്ടോ സ്റ്റാർട്ടായി. തുടർന്നു തുരുത്തേൽപാലത്തിനു സമീപം മൂന്നാമത്തെ ചാക്കും ഉപേക്ഷിച്ചു. ഇതിലായിരുന്നു തലയുടെ ഭാഗങ്ങൾ.
∙ രാത്രി തന്നെ ഓട്ടോറിക്ഷ കൊല്ലാട് ഭാഗത്തു കൊണ്ടുപോയി കഴുകി വ‍ൃത്തിയാക്കി. ഈ സമയത്തു ധരിച്ചിരുന്ന ഷർട്ട് വെള്ളത്തിൽ ഒഴുക്കി.
∙ തിരിച്ചു വീട്ടിൽ വന്ന് തറയിലും ഭിത്തിയിലും തെറിച്ച രക്തത്തുള്ളികൾ കഴുകി വൃത്തിയാക്കി.
∙ എല്ലാം അവസാനിച്ചപ്പോൾ പുലർച്ചെ നാലു മണി.