കുവൈത്തിലുള്ളയാൾക്കു നൽകാൻ നാട്ടിൽ നിന്നു ബന്ധു കൊടുത്തുവിട്ട പൊതിയിൽ കഞ്ചാവു കണ്ടെത്തിയ കേസിൽ പതിനാലു മാസത്തോളം അവിടെ ജയിൽശിക്ഷയനുഭവിച്ച മലയാളി നിരപരാധിയാണെന്നു ബോധ്യമായതിനെത്തുടർന്ന് വിട്ടയച്ചു. പെരുമ്പാവൂർ സൗത്ത് വല്ലം പറക്കുന്നൻ പി.എസ്. കബീർ (47) ആണ് ഇന്നലെ തിരിച്ചെത്തിയത്.കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്ന കബീർ 2015ൽ നാട്ടിൽ മടങ്ങിയെത്തിയ ശേഷം തിരികെ പോകുമ്പോഴാണ് ചതിയിൽപ്പെട്ടത്.
കുവൈത്തിൽ ഒപ്പമുണ്ടായിരുന്ന അൽത്താഫ് എന്നയാൾക്കു കൈമാറുന്നതിനായി ബന്ധു കൊടുത്തുവിട്ട ഉണക്കയിറച്ചി പൊതിയിൽ കഞ്ചാവുണ്ടായിരുന്നു. 2015 നവംബർ 22ന് കുവൈത്ത് വിമാനത്താവളത്തിലെ പരിശോധനയിൽ ആണ് കബീർ കഞ്ചാവുമായി പിടിക്കപ്പെട്ടത്. ചെമ്പറക്കി സ്വദേശിയായ അൽത്താഫ് എന്നയാളാണ് കുവൈത്തിൽ ഇറച്ചി കബീറിൽനിന്നു വാങ്ങുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ, കബീർ പിടിയിലായത് അറിഞ്ഞ അൽത്താഫ് അവിടെനിന്നു മുങ്ങി നാട്ടിലെത്തി.
നിരപരാധിത്വം തെളിയിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് കബീർ ജയിലിലാവുകയായിരുന്നു. 15 വർഷം തടവും 10,000 ദിനാർ പിഴയുമാണ് കുവൈത്ത് കോടതി കബീറിനു വിധിച്ചത്. വിവരമറിഞ്ഞ കബീറിന്റെ ഭാര്യ പെരുമ്പാവൂരിൽ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കബീർ നിരപരാധിയാണെന്നു തെളിയുകയും യഥാർഥ പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
അൽത്താഫിനെയും ഇറച്ചി കൊടുത്തുവിട്ട റിനീഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലിസിന്റെ അന്വേഷണ റിപ്പോർട്ട് സഹിതം ഇന്ത്യൻ എംബസി നടത്തിയ ഇടപെടലുകളെത്തുടർന്നാണ് 14 മാസത്തിനു ശേഷം കബീറിനു മോചനം ലഭിച്ചത്. മയക്കുമരുന്നു കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് കുവൈത്ത് പൊലീസ് അതിക്രൂരമായി തന്നെ മർദിച്ചുവെന്നു തിരിച്ചെത്തിയ കബീർ പറഞ്ഞു.
മൂന്നു കോടതികളിൽ അപ്പീൽ നൽകിയ ശേഷമാണു നിരപരാധിത്വം തെളിയിക്കാനായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻമന്ത്രി കെ.സി. ജോസഫ് എന്നിവരുടെ ഇടപെടലുകളും മോചനം എളുപ്പമാകാൻ കരണമായതായി കബീർ ചൂണ്ടിക്കാട്ടി.