തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായും പിണറായി നിയമസഭയെ അറിയിച്ചു. കെവിന്റെ ദുരഭിമാനക്കൊല കേരളാ പോലീസിന്റെ ഒത്താശയോടെ നടപ്പിലാക്കിയതാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് പിണറായി ഇക്കാര്യം സൂചിപ്പിച്ചത്.
പോലീസിന്റെ അനാസ്ഥ കാരണമാണ് കെവിന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നേരത്തെ ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ നീനുവിനോട് കുടുംബത്തോടൊപ്പം പോകാനാണ് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞത്. കെവിനൊപ്പം പോകണമെന്ന് നിലപാടെടുത്ത നീനുവിനെ പോലീസുകാരുടെ മുന്നില്‍ വെച്ച് ബന്ധുക്കള്‍ വലിച്ചിഴച്ചപ്പോഴും പോലീസ് നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ ആരോപിച്ചു.
കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്. കേസില്‍ സര്‍ക്കാര്‍ രണ്ടുഭാഗത്തും നില്‍ക്കുകയാണ്. കേസ് വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം കെവിന്റേത് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കെവിന്‍ കൊലപാതക കേസില്‍ അറസ്റ്റിലായവരെ ഇന്നലെ തെന്‍മലയില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഗുണ്ടാസംഘം ഉപേക്ഷിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ പോലീസ് കണ്ടെത്തി. നിലവില്‍ 14 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഗുണ്ടാസംഘത്തിലെ ചിലരും ഗൂഢാലോചനയില്‍ പങ്കാളിയായ നീനുവിന്റെ മാതാവിനെയും ഇനി പിടികിട്ടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
Leave a Reply