കോട്ടയം: കെവിൻ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കെവിനെയും അനീഷിനെയും മാന്നാനത്തെ വീട്ടിൽനിന്നു രാത്രിയിൽ തട്ടികൊണ്ടുപോയ സംഭവങ്ങൾ അതേപടി ആവർത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. അക്രമസംഭവങ്ങൾ അരങ്ങേറിയ അതേസമയത്തുതന്നെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്.
കേസിൽ ഉൾപ്പെട്ട മൂന്നു പ്രതികളുമായായിരുന്നു തെളിവെടുപ്പ്. പുലർച്ചെ 1.30ന് ഏറ്റുമാനൂർ സ്റ്റേഷനിൽനിന്ന് പ്രതികളെ മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീടു വരെയെത്തിച്ചു. സംഘത്തിലുണ്ടായിരുന്ന നിയാസ്, ഫസൽ, വിഷ്ണു എന്നിവരെയാണു തെളിവെടുപ്പിനായി എത്തിച്ചത്. എന്നാൽ, വീടിനുള്ളിൽ പ്രവേശിച്ചില്ല. വീട്ടിലേക്കുള്ള വഴി, സംഭവസമയത്തെ വെളിച്ചം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളുമായി മടങ്ങി. തുടർന്ന് പ്രതികൾ കോട്ടയത്തുനിന്നു തെന്മലയിലേക്കു പോയ വഴിയിലൂടെ സഞ്ചരിച്ചു തെന്മല ചാലിയേക്കര തോടിനു സമീപമെത്തി. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകൾ പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തുള്ള തോട്ടിൽനിന്നു കണ്ടെത്തിയതായി അന്വേഷണസംഘം പറഞ്ഞു. ഇവ കേസിൽ നിർണായകമാകും. വിഷ്ണു തന്നെയാണു വാളുകൾ കാണിച്ചുകൊടുത്തത്.
തങ്ങളുടെ പക്കൽനിന്നു കെവിൻ രക്ഷപ്പെട്ടുവെന്ന മൊഴി തെളിവെടുപ്പിനിടയിലും പ്രതികൾ ആവർത്തിച്ചു. അറസ്റ്റിലായ പ്രതികളിൽ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു പി. ചാക്കോ, പിതാവ് ചാക്കോ എന്നിവരെ തെളിവെടുപ്പിനായി കൊണ്ടുപോയില്ല. അനീഷിന്റെ വീട്ടിൽനിന്നു ഫോറൻസിക് വിഭാഗം പിറ്റേന്നു തന്നെ വിശദമായി വിവരം ശേഖരിച്ചിരുന്നുവെന്നും അതിനാലാണു വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താതിരുന്നതെന്നും ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കർ പറഞ്ഞു.
Leave a Reply