വനിതാ ദന്തഡോക്ടർ കുത്തേറ്റ് മരിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലെ ക്ലിനിക്കിന് അകത്ത് വെച്ചാണ് ഡോക്ടർ സോനയെ പ്രതി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബർ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു.

 

സ്വന്തം പിതാവിന്റെ മുന്നിൽവെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.

 

വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ട് വർഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീട് ആരംഭിച്ച ഡന്റൽ ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ടാണ് പഠനകാലത്തെ സുഹൃത്തായിരുന്ന മഹേഷിനോട് സോന അടുക്കുന്നത്. കുട്ടനെല്ലൂരിലെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈനിന്റെ നിർമ്മാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.