കൊല്ലപ്പെട്ട കെവിന്റെ പ്രണയം വീട്ടുകാര്‍ അറിയുന്നത് പ്രശ്‌നം ഉണ്ടായപ്പോള്‍. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനും അടുത്ത കൂട്ടുകാര്‍ കുറവുള്ള ആളുമായ കെവിന്‍ പ്രണയം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നീനുവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച റജിസ്റ്റര്‍ വിവാഹം ചെയ്തതും പ്രശ്‌നങ്ങള്‍ ഉണ്ടായതും.
അതേസമയം വിവാഹക്കാര്യം വെള്ളിയാഴ്ച തന്നെ കളിക്കൂട്ടുകാരനും മെഡിക്കല്‍ റെപ്പുമായ ശ്രീവിഷ്ണുവുമായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ശ്രീവിഷ്ണു വിളിച്ചപ്പോള്‍ കല്യാണമാണെന്നും കാര്യങ്ങള്‍ നേരില്‍ കാണുമ്പോൾ പറയാമെന്നും കെവിന്‍ പറഞ്ഞു. പിന്നീട് സ്വിച്ച് ഓഫ് ചെയ്തതോടെ ശ്രീവിഷ്ണുവിന് കൂടുതലൊന്നും പറയാനായില്ല. ഫോണ്‍ കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചു. തിങ്കളാഴ്ച രാവിലെ കെവിന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം പോലും കെവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ പഠനകാലത്തും അതിനു ശേഷവും മാന്നാനത്ത് പിതൃസഹോദരി വീട്ടിലായിരുന്നു കെവിന്റെ താമസം.
കൊല്ലം തെന്മലയില്‍നിന്നു ബിരുദപഠനത്തിനായി മാന്നാനത്തെത്തിയ നീനുവുമായി അവിടെ വെച്ച് യാദൃച്ഛികമായുണ്ടായ പരിചയം അടുപ്പമായും പിന്നീടു പ്രണയമായും മാറുകയായിരുന്നു. പക്ഷേ കുടുംബാംഗങ്ങളില്‍നിന്നു പോലും കെവിന്‍ ഈ വിവരം മറച്ചുവച്ചു. കോട്ടയം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് കെവിന്റെ കുടുംബവും വിവരമറിഞ്ഞത്. എസ്.എച്ച്. മൗണ്ടില്‍ ടൂവീലര്‍ വര്‍ക്‌ഷോപ് നടത്തുന്ന പിതാവ് ജോസഫിന്റെ (രാജന്‍) തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഒരു ഇലക്‌ട്രീഷ്യന്റെ സഹായിയായി വയറിങ് ജോലികള്‍ ചെയ്യുകയായിരുന്ന കെവിന്‍ ഏതാനും നാള്‍ മുൻപ് ദുബായിലേക്ക് പോയത്.
സഹോദരി കൃപയുടെ വിവാഹവും സ്വന്തമായി നല്ലൊരു കിടപ്പാടവുമൊക്കെ കെവിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ നീനുവിനു വിവാഹമുറപ്പിച്ചെന്ന് അറിഞ്ഞ് ഏകദേശം ഒരു മാസം മുൻപ് കെവിന്‍ നാട്ടിലെത്തിയത്. പരീക്ഷാവിവരം അറിയാനെന്ന പേരില്‍ നീനു 23-നു കോട്ടയത്തെത്തി. ഹിന്ദു ചേരമര്‍ വിഭാഗക്കാരായിരുന്ന കെവിന്റെ കുടുംബം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട, ധനസ്ഥിതിയുള്ള നീനുവിന്റെ കുടുംബത്തിനു കെവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.
നീനു ഫോണിലൂടെ തെന്മലയിലെ വീട്ടില്‍ അറിയിച്ചതോടെ ഭീഷണിയായി. നീനുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇവരെ വിളിപ്പിച്ചു. കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്നു നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ നീനുവിനെ പോലീസിന്റെ മുന്നില്‍ മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. അതോടെ നീനുവിനെ രഹസ്യമായി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു മാറ്റി.
കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്കു പോയി. പക്ഷേ ഈ കരുതലും തുണയായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം മാന്നാനം പള്ളിപ്പടിയിലെ വീടു തല്ലിത്തകര്‍ത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ അനീഷിനെ വഴിയില്‍ ഇറക്കിവിട്ടു. കെവിനെപ്പറ്റി വിവരം ലഭിച്ചില്ല. എവിടെ എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ രാവിലെ തെന്മലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ്.
Leave a Reply