കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ സ്ഥിരീകരിച്ച ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഇന്ത്യ. ജീവന്‍ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളുമടക്കമുള്ള സഹായങ്ങള്‍ നല്‍കാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീന്‍ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.

കൊവാക്സ് പോര്‍ട്ടല്‍ വഴി ആഫ്രിക്കന്‍ രാജ്യങ്ങളായ മലാവി, എത്യോപ്യ, സാംബിയ, മൗസാംബിക്, ഗിനിയ, ലെസോത്തോ എന്നിവിടങ്ങളിലേക്ക് കൊവിഷീല്‍ഡ് വാക്സിന്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

‘കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയത് ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം കൊണ്ട് പൊറുതിമുട്ടിയ എല്ലാ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു,’ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒമിക്രോണ്‍ സ്ഥിരീകരിച്ച വിവരം ആദ്യം തന്നെ ലോകത്തെ അറിയിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഒറ്റപ്പെടുത്തരുതെന്ന് വകഭേദം സ്ഥിരീകരിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി ഇന്ത്യ രംഗത്തുവന്നിരിക്കുന്നത്.

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ  ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്തുണ നൽകിയതിന് ഇന്ത്യയെ പ്രശംസിച്ചു. ട്വിറ്ററിലൂടെ, പീറ്റേഴ്‌സൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ കരുതലും ഊഷ്‌മളമായ ഹൃദയവും അഭിനന്ദിക്കുകയും ചെയ്‌തു. പുതിയ ഒമിക്‌റോൺ വേരിയന്റുമായി ഇടപെടുന്ന ആഫ്രിക്കയ്ക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന്റെ അഭിപ്രായം.

കെവിൻ പീറ്റേഴ്സൺ തന്റെ ട്വീറ്റിൽ കുറിച്ചു, “ആ കരുതലുള്ള മനോഭാവം ഇന്ത്യ ഒരിക്കൽ കൂടി കാണിച്ചു! ഹൃദയസ്പർശിയായ നിരവധി ആളുകളുള്ള ഏറ്റവും മികച്ച രാജ്യം! നന്ദി! അദ്ദേഹം കുറിച്ചു.

 

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയിലുള്ളത് ഒമിക്രോണ്‍ വൈറസാണോ എന്നതില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ എല്ലാവരേയും ക്വാറന്റീലാക്കി. ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഐസി എംആറിന് പരിശോധനയ്ക്ക് അയക്കും. സാഹചര്യം വിലയിരുത്താന്‍ കര്‍ണാടകയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 63കാരന്‍ ബംഗ്ലൂരുവിലെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും അത് ഡെല്‍റ്റ വൈറസ് എന്ന് വ്യക്തമായിരുന്നു.

ഒമിക്രോണ്‍ വകഭേദം നവംബര്‍ 24നാണു സ്ഥിരീകരിച്ചതെങ്കിലും ഇതിനു മുന്‍പേ തന്നെ വകഭേദം വഴി കോവിഡ് വന്നവര്‍ മറ്റു രാജ്യങ്ങളിലേക്കു പോയിരിക്കാമെന്നു വിലയിരുത്തിയാണ് മുന്‍പു വിദേശത്തു നിന്നെത്തിയവരുടെയും യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.

2019 ല്‍ കോവിഡ് ലോകമെമ്പാടും വ്യാപിക്കുന്നതിലേക്കു നയിച്ച കാരണങ്ങളും പരിഗണിച്ചാണിത്. 2019 നവംബറില്‍ തന്നെ രോഗലക്ഷണങ്ങളുള്ളവരെ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയെങ്കിലും റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകി. ഇതോടെ, ചൈനയ്ക്കു പുറത്തേക്കും കോവിഡ് വ്യാപിച്ചുവെന്നാണു വിലയിരുത്തലുകള്‍. ഇതൊഴിവാക്കാനാണ് ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തയുടന്‍ പലരാജ്യങ്ങളും യാത്രാനിയന്ത്രണം കൊണ്ടുവന്നത്.