പ്രണയവും പ്രണയസാഫല്യ തീരം അണയും മുൻപ് കൊല്ലപ്പെട്ട കെവിന്റെ വധു നീനു വീണ്ടും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ അവരുടെ പ്രണയത്തിൽ ആരുമറിയാത്ത ചില കഥകളുണ്ട്. കേരളത്തിലെ പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ
“രണ്ടുവർഷം മുമ്പാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്, കോട്ടയം ബസ്റ്റാൻഡിൽ വച്ച്. എന്റെ കൂട്ടുകാരിയുമായി റിലേഷനുണ്ടായിരുന്ന ആൺകുട്ടി കാണാൻ വന്നപ്പോൾ കൂടെ വന്നത് ചേട്ടനായിരുന്നു. പിന്നീട് കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചോദിച്ചു. എന്റെ കഥയൊക്കെ കേൾക്കുമ്പോൾ ഇഷ്ടമാകുമോ എന്നായിരുന്നു പേടി. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു പറഞ്ഞപ്പോൾ നേരിൽ കാണാനായി മാന്നാനം പള്ളിയിലേക്ക് വരാമോ എന്നു ചോദിച്ചു. അവിടെ വച്ച് എന്റെ കഥ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ട്, ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ..’ എന്ന് ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ കെവിൻ ചേട്ടനോടൊപ്പം ജീവിക്കണമെന്ന് എനിക്കും തോന്നി. അന്നുതന്നെ കുടമാളൂർ പള്ളിയിലും അതിരമ്പുഴ പള്ളിയിലും പോയി പ്രാർഥിച്ചു. എന്റെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് അന്നേ അറിയാമായിരുന്നു.
കെവിൻ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് അനീഷേട്ടൻ. അനീഷേട്ടന്റെ അച്ഛൻ നേരത്തേ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ പെട്ടെന്നൊരു ദിവസം അമ്മയും മരിച്ചു. പെങ്ങന്മാരെ വിവാഹം ചെയ്തയച്ചതിനാൽ ആ വീട്ടിൽ അനീഷേട്ടൻ തനിച്ചായി. ഗൾഫിൽ നിന്നു നാട്ടിൽ വന്ന കെവിൻ ചേട്ടനോട് വിഷമമൊക്കെ പറഞ്ഞ് അനീഷേട്ടൻ കരഞ്ഞു. അതോടെ ചേട്ടൻ അവിടെ നിന്നു ജോലിക്കു പോകാൻ തുടങ്ങി. അനീഷേട്ടന് കണ്ണിനു സുഖമില്ലാത്തതാണ്. എങ്ങോട്ടെങ്കിലും പോണമെങ്കിൽ കെവിൻ ചേട്ടനാണ് കൊണ്ടുപോയിരുന്നതൊക്കെ.
അന്നു രാത്രി എന്റെ വീട്ടുകാർ ആക്രമിക്കാൻ വന്നപ്പോൾ കെവിൻ ചേട്ടൻ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. അനീഷേട്ടന്റെ പെങ്ങന്മാരുമായി ഞാൻ നേരത്തേ സംസാരിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുമ്പത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയി. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല. എന്നെ ഹോസ്റ്റലിലാക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അടുത്തുള്ള ഫാൻസി ഷോപ്പിൽ നിന്ന് ഒരു മാല വാങ്ങി ഇട്ടുതന്നു. ആ മാല ഞാൻ ഊരിമാറ്റില്ല. ‘മിസ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്നു എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ് കോൾ ചെയ്തിട്ടും ചേട്ടന്റെ കാൾ എനിക്കു വരുന്നില്ല…”- നീനു തേങ്ങലോടെ പറയുന്നു.
Leave a Reply