സ്‌കാന്‍ഡിനേവിയ, യു.എസ്, യു.കെ എന്നിവിടങ്ങളിലെ ശൈത്യകാല ഹോളിഡേ മേക്കര്‍മാരെ നോര്‍വേയുമായും സ്വീഡനിലെ റിസോര്‍ട്ടുകളുമായും ബന്ധിപ്പിക്കുന്ന ഒരു പുതിയ കേന്ദ്രമായി മാറുകയാണ് സ്‌കാന്‍ഡിനേവിയന്‍ പര്‍വ്വത വിമാനത്താവളം. എയര്‍പോട്ടിനകത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഇല്ലാതെ നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമെന്ന ഖ്യാതിയും ഇതിനുതന്നെയാണ്. പകരം, ഒരു ‘വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റമാണ് ഉണ്ടാവുക.
300 കിലോമീറ്റര്‍ അകലെ സണ്‍ഡ്സ്വാളിലാണ് വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം സജ്ജീകരിക്കുന്നത്. വിമാനത്താവളത്തിലെ ഒന്നിലധികം ക്യാമറകളില്‍ നിന്നും, പ്രത്യേക സെന്‍സറുകളില്‍ നിന്നും തത്സമയം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്‌ലൈറ്റുകള്‍ സുരക്ഷിതമായി ഇറക്കുകയും ഉയര്‍ത്തുകയും ചെയ്യുന്നത് ഈ വെര്‍ച്വല്‍ കേന്ദ്രത്തില്‍ നിന്നാണ്.
ഈ സ്‌കാന്‍ഡിനേവിയന്‍ പര്‍വത വിമാനത്താവളം 2019 ഡിസംബര്‍ 22-ന് തുറക്കും. സ്വീഡനിലെ ഏറ്റവും വലിയ സ്‌കീ റിസോര്‍ട്ടായ സെലന്റെ സ്‌കീ റിസോര്‍ട്ടില്‍ നിന്ന് 25 മിനിറ്റും, ട്രൈസിലില്‍ (നോര്‍വേ) നിന്നും 40 മിനിറ്റും ദൂരം മാത്രമാണ് വിമാനത്താവളത്തിലേക്ക് ഉള്ളത്. വടക്കന്‍ സ്വീഡനിലെ അര്‍ണ്‍സ്‌കോള്‍ഡ്സ്വിക് എന്ന ചെറിയ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും അടുത്തുള്ള സണ്‍ഡ്സ്വാള്‍-തിമ്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോള്‍തന്നെ സണ്‍ഡ്സ്വാളില്‍ നിന്നാണ്. ഈ വിമാനത്താവളങ്ങള്‍ ഏകദേശം മൂന്ന് വര്‍ഷം മുന്‍പുതന്നെ ടവറുകള്‍ ഒഴിവാക്കിയിരുന്നു.
തിരക്കുകളില്ലാത്ത ചെറിയ വിമാനത്താവളങ്ങള്‍ നേരത്തെതന്നെ വെര്‍ച്വല്‍’ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നോര്‍വേയില്‍ മാത്രം 15 വിമാനത്താവളങ്ങളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. യൂറോപ്പിലെയും യുഎസിലെയും ഓസ്ട്രേലിയയിലെയും വിമാനത്താവളങ്ങള്‍ വിദൂര ടവറുകള്‍ പരീക്ഷിക്കുന്നുണ്ട്. ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് ചില പ്രവൃത്തികള്‍ വിമാനത്താവളത്തില്‍ നിന്ന് 80 മൈല്‍ അകലെയുള്ള മറ്റൊരു കേന്ദ്രത്തില്‍ നിന്നാണ് ചെയ്യുന്നത്. നന്നായി പരീക്ഷിച്ചു വിജയിച്ച ഈ സാങ്കേതികവിദ്യ സുരക്ഷിതമാണെന്ന് ഏവിയേഷന്‍ വിദഗ്ധര്‍ പറയുന്നു. ലോകത്തെവിടെ നിന്നും വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാം എന്നതാണ് അതിന്റെ ഏറ്റവുംവലിയ പ്രത്യേകത.
Leave a Reply