ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ബ്രിട്ടീഷ് ചാൻസലർ റേച്ചൽ റീവ്സ് നടത്തുന്ന പ്രസംഗത്തിൽ ബ്രിട്ടനിലെ പൊതു ധനകാര്യത്തിൽ വന്നിരിക്കുന്ന 20 ബില്യൺ പൗണ്ടിന്റെ വിടവിനെ കുറിച്ചും, ടോറി ഗവൺമെന്റ് അവശേഷിപ്പിച്ച പ്രശ്നങ്ങളെ കുറിച്ചും അതോടൊപ്പം തന്നെ ഇത് നികത്തുന്നതിന് ആവശ്യമായ നടപടികളെ കുറിച്ചുമുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത്രയും തുകയുടെ വിടവ് ഉണ്ടായത് മൂലം, ഗവൺമെന്റിന് തങ്ങളുടെ ചെലവ് വെട്ടിച്ചുരുക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. അതോടൊപ്പം തന്നെ ടാക്സ് വർദ്ധനവും ഉടൻ തന്നെ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

40 പുതിയ ആശുപത്രികൾ നിർമ്മിക്കാനുള്ള ബോറിസ് ജോൺസൻ്റെ മുൻനിര പദ്ധതിയും സ്റ്റോൺഹെഞ്ചിനെ മറികടന്ന് നിർദിഷ്ട രണ്ട് മൈൽ റോഡ് ടണലും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ടായിരിക്കുന്ന പണത്തിന്റെ വിടവ് നികത്തുന്നതിനുള്ള നികുതി വർദ്ധനവിന്റെ പ്രഖ്യാപനം ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനുള്ള തീയതിയും ഇന്നത്തെ ചാൻസലറുടെ പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് നിഗമനം. പൊതു ഉടമസ്ഥതയിലുള്ള മിച്ച സ്വത്ത് വിൽക്കുവാനും കൺസൾട്ടൻ്റുമാർക്ക് വേണ്ടിയുള്ള ആവശ്യമില്ലാത്ത ചെലവുകൾ അവസാനിപ്പിക്കുവാനും ഉടൻ നടപടിയുണ്ടാകും.

കഴിഞ്ഞ 14 വർഷത്തെ ടോറി ഗവൺമെന്റുകൾ അവശേഷിപ്പിച്ച വാഗ്ദാനങ്ങൾ മൂലം സമ്പദ് വ്യവസ്ഥയിൽ സംഭവിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് ചാൻസലർ വ്യക്തമാക്കുന്നു. സാഹചര്യങ്ങൾ രൂക്ഷമാണെന്ന് തനിക്ക് ഇലക്ഷൻ സമയത്ത് തന്നെ അറിയാമായിരുന്നുവെങ്കിലും, പദവിയിൽ എത്തിയപ്പോഴാണ് ടോറി ഗവൺമെന്റ് ജനങ്ങളിൽ നിന്നും മറച്ചുവെച്ച പല കാര്യങ്ങളും ഉണ്ടെന്ന് വ്യക്തമാകുന്നതെന്ന് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളുടെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളെല്ലാം തന്നെയെന്ന് ടോറി ഗവൺമെന്റിനെ അവർ കുറ്റപ്പെടുത്തി. ട്രഷറിയിലെ റിസർവ് പണത്തിൽ നിന്നും നിലവിലെ വിടവ് നികത്തില്ലെന്ന തീരുമാനമാണ് ചാൻസലർ മുന്നോട്ടുവയ്ക്കുന്നത്. പകരം ശക്തമായ ചെലവ് ചുരുക്കലും ടാക്സ് വർദ്ധനവുമാണ് നിർദ്ദേശിക്കുന്ന തീരുമാനങ്ങൾ.