ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ആക്രമണം നടത്തിയ ഖാലിദ് മസൂദിന് അതിനായി വലിയ തോതില്‍ സഹായം ലഭിച്ചിരുന്നതായാണ് സൂചന. സംഭവത്തില്‍ വ്യാപകമായി അന്വേഷണം നടത്തിയ പോലീസ് 11 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇവര്‍ക്ക് സംഭവത്തില്‍ കാര്യമായ പങ്കാളിത്തമുണ്ടെന്നാണ് വിശദീകരണം.
ഫോറന്‍സിക് പരിശോധനകള്‍ക്കായി മൂന്ന് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മസൂദിന്റെ കൂട്ടാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വാടകയ്ക്ക് എടുത്ത ഹ്യുണ്ടായ് കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുന്നതിനു മുമ്പ് ഖാലിദ് മസൂദ് വാട്ട്സാപ്പ് സന്ദേശം അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട നമ്പറില്‍ നിന്ന് 2.37നാണ് സന്ദേശം പോയിട്ടുള്ളത്. ആക്രമണത്തേക്കുറിച്ച് എമര്‍ജന്‍സി സര്‍വീസിന് 2.40നാണ് ആദ്യ സന്ദേശം ലഭിക്കുന്നത്.

ആക്രമണത്തിന് മസൂദ് ഒറ്റക്കാണ് എത്തിയത്. ആക്രമണത്തില്‍ നാല് പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എഡ്രിയന്‍ എംസ് എന്ന ബ്രിട്ടീഷുകാരന്‍ ഖാലിദ് മസൂദ് എന്ന തീവ്രവാദിയായി രൂപാന്തരപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷകര്‍ തേടുന്നു. തീവ്രവാദ ആശയങ്ങളുള്ള സംഘങ്ങളുമായി ഇയാള്‍ ബന്ധപ്പെടുന്നതിനേക്കുറിച്ച് എംഐ5നും സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് സ്പെഷ്യല്‍ ബ്രാഞ്ചിനും നേരത്തേ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഭീകരാക്രമണത്തിന് ഇയാള്‍ തയ്യാറാകുമെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതിയിരുന്നില്ല.

2005ല്‍ സൗദി അറേബ്യയില്‍ ഇയാള്‍ അധ്യാപകനായി ജോലി നോക്കിയിരുന്നു. ഇക്കാലത്താകാം തീവ്രവാദ ആശയങ്ങളുമായി ഇയാള്‍ക്ക് ആഭിമുഖ്യമുണ്ടായതെന്ന നിഗമനത്തിലാണ് അന്വേഷകര്‍. ദിവസത്തില്‍ കൂടുതല്‍ സമയവും ഇന്റര്‍നെറ്റില്‍ ചെലവഴിച്ചിരുന്ന മസൂദ് ഓണ്‍ലൈനിലാണോ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.