അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെ നാലംഗ കുടുംബത്തെ ബുധനാഴ്ച കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാർങ്കെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ 48കാരനായ ജീസസ് സൽഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.

പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശികളായ കുടുംബത്തെ തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിലെ സ്വന്തം ​ഗ്യാസ് സ്റ്റേഷനിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ​ഗ്യാസ് സ്റ്റേഷൻ. 8 മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്‌ലീൻ കൗർ, 36 കാരനായ അച്ഛൻ ജസ്ദീപ് സിംഗ്, 39 കാരനായ അമ്മാവൻ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

കുടുംബാംഗങ്ങളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാർഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.

തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.