കൂടത്തായി കൊലപാതകങ്ങളും, തട്ടിപ്പു ജോത്സ്യനും; കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത തകിടും അതിലെ പൊടിയും, കട്ടപ്പനയിലെ ജോല്‍സ്യന്‍ കൃഷ്ണകുമാറിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ

കൂടത്തായി കൊലപാതകങ്ങളും, തട്ടിപ്പു ജോത്സ്യനും; കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത തകിടും അതിലെ പൊടിയും, കട്ടപ്പനയിലെ ജോല്‍സ്യന്‍ കൃഷ്ണകുമാറിനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ
October 10 11:56 2019 Print This Article

കൂടത്തായി കൊലപാതക പരമ്പയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജോല്‍സ്യന്‍ കൃഷ്ണകുമാറിനെക്കുറിച്ച് പുറത്തുവരുന്നത് ആരെയും അമ്പരപ്പിക്കുന്ന കഥകൾ. ജോളിയുടെ ഭര്‍ത്താവായ കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത തകിടും അതിലെ പൊടിയുമാണ് ജ്യോത്സ്യനിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പൊന്നാപരം തറവാടിന് വാസ്തു ദോഷമുണ്ടെന്നും അതുകൊണ്ടാണ് കുടുംബാംഗങ്ങള്‍ മരണപ്പെടുന്നതെന്നുമാണ് ജോളി അയല്‍ക്കാരോട് പറഞ്ഞത് ധരിപ്പിച്ചിരുന്നത്. മാത്രമല്ല തന്‍റെ വാദങ്ങളെ അരക്കിട്ട് ഉറപ്പിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ ഓരോ കൊലകള്‍ നടത്തിയശേഷവും അത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാനും ജോളി പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. കൂടുതല്‍ മരണങ്ങള്‍ കുടുംബത്തില്‍ നടക്കാന്‍ സാധ്യത ഉണ്ടെന്ന് ജ്യോത്സ്യന്‍ പ്രവിച്ചതായും ജോളി പലരേയും വിശ്വസിപ്പിച്ചിരുന്നു.

മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ് ജോളി വിശ്വസിപ്പിച്ചിരുന്നതെന്നും അയല്‍ക്കാര്‍ പറയുന്നു. ഭര്‍ത്താവ് റോയ് തോമസും ജോളിയുടെ ഈ കഥ വിശ്വസിച്ചെന്ന സംശയവും ഉണ്ട്. ദോഷം അകറ്റാനുള്ള പരിഹാരക്രിയക്കിടയിലാണ് റോയ് കൊല്ലപ്പെട്ടതെന്നും ജോളി അയല്‍ക്കാരോട് പറഞ്ഞിരുന്നു.അതേസമയം റോയിയെ കൊലപ്പെടുത്താന്‍ ജോളി മന്ത്രവാദിയുടെ സഹായം തേടിയോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. റോയിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ തകിടാണ് സംശത്തിന് വഴിവെച്ചിരിക്കുന്നത്. റോയ് തോമസ് മരിക്കുമ്പോൾ ധരിച്ചിരുന്ന പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും ഒരു തകിടും അതില്‍ കുറച്ച്‌ പൊടിയും കണ്ടെത്തിയിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് കാരണം. പക്ഷെ ജോളിയെ തനിക്ക് അറിയില്ലെന്നും, തന്നെക്കാണാന്‍ ഒരുപാടു പേര്‍ വരാറുണ്ടെന്നും ഇങ്ങനെ ആരെയും ഓര്‍ക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിരുന്നു.

റോയി വന്നിരുന്നോ ഇല്ലയോ എന്ന് അറിയില്ല. വന്നു പോകുന്നവരുടെ രജിസ്റ്റർ രണ്ടുവർഷത്തിൽ കൂടുതൽ സൂക്ഷിക്കാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഏലസ്സ് ഇഷ്ടംപോലെ ആളുകൾക്കു നൽകാറുണ്ട്. ഏലസും ഭസ്മവും നൽകാറുണ്ട്. ഭസ്മം തലയ്ക്കുഴിഞ്ഞ് കത്തിക്കുകയോ അല്ലെങ്കിൽ തൊടുകയോ ആണ് ചെയ്യുന്നത്. കഴിക്കാൻ പറയാറില്ല. ക്രൈംബ്രാഞ്ചിൽ നിന്നും ഒരുകേസിന്റെ കാര്യമാണെന്നു പറഞ്ഞ് ഒരിക്കൽ വിളിച്ചതല്ലാതെ പിന്നീട് ആരും വിളിച്ചിട്ടില്ലെന്നും ജ്യോത്സ്യൻ കൃഷ്ണകുമാർ പറഞ്ഞു. കൂടത്തായിയിലെ കൊലപാതകവുമായി ജ്യോത്സ്യനെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും പൊലീസിന് ഇതുവരെ കിട്ടിയില്ല. ഇത് തിരിച്ചറിഞ്ഞാണ് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് സൂചന.

അതേ സമയം, ജോളിയുടെ നാടായ കട്ടപ്പനയിലെ ഈ ജ്യോത്സ്യനെ കുറിച്ച്‌ നിരവധി ദുരൂഹതകള്‍ നാട്ടിലുണ്ട്. തമിഴ് സിനിമാ നടിമാര്‍ പോലും ഈ ജ്യോത്സ്യന്റെ ശിഷ്യരാണ്. പുകഴത്തുന്ന ആര്‍ക്കും എന്തും ചെയ്തു നല്‍കും. ഇതിനൊപ്പം സൗന്ദര്യസംരക്ഷണത്തിന് പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് കൃഷ്ണകുമാര്‍. റിട്ട വില്ലജ് ജീവനക്കാരന്റെ മകനാണ് കൃഷ്ണകുമാര്‍. കട്ടപ്പന ടൗണിലെ പുളിമല റോഡിലാണ് ജ്യോത്സ്യന്റെ താമസം. ആഡംബര ജീവിതം നയിക്കുന്ന പ്രകൃതമാണ് ഇയാളുടേത്.

ആരെയും ആകർഷിക്കുന്ന വാക് സമർഥ്യമുള്ള കൃഷ്ണകുമാറിന് ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ പോലും ആളുകൾ ഉണ്ടത്രേ. പരിഹാര ക്രിയ ചെയ്യുകയും ആളുകളെ കാണുകയും ചെയ്യും. ഇടത്തരം ചുറ്റുപാടില്‍ നിന്നാണ് ഇയാള്‍ വളര്‍ന്ന് വരുന്നത്. കൃഷ്ണകുമാര്‍ ജ്യോതിഷത്തിലേക്ക് കടന്നതോടെ സാമ്പത്തികമായി വലിയ മാറ്റമുണ്ടായി. പുതിയ ഇരുനില വീടും വയ്ക്കുന്നു. അടിമുടി മാറ്റമാണ് ജ്യോത്സ്യന് സംഭവിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃഷ്ണ കൃപാ കൃഷ്ണകുമാര്‍ എന്നാണ് ഇപ്പോള്ള്‍ അറിയപ്പെടുന്നത്.

വന്‍ തുകയ്ക്ക് പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ജ്യോതിഷാലയം വളര്‍ത്തുന്നത്. രണ്ട് ലക്ഷം രൂപവരെ ഇയാള്‍ ഒരു മാസം പത്രങ്ങളില്‍ പരസ്യം കൊടുക്കാറുണ്ട്. കട്ടപ്പനയില്‍ സുഹൃത്തായിരുന്ന ബാര്‍ബോര്‍ഷോപ്പുകാരന് വേണ്ടി പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ബാര്‍ബര്‍ഷോപ്പിന്റെ ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത് ഈ കൃഷ്ണകുമാറിന്റെ പടമായിരുന്നു.സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.  കൊല്ലപ്പെട്ട റോയിയുടെ പക്കല്‍നിന്നു ഈ ജ്യോത്സ്യന്റെ വിലാസം കണ്ടെത്തിയിരുന്നു. മരണസമയത്ത് റോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏലസ്സ് പൂജിച്ചുനല്‍കിയത് ഈ ജ്യോത്സ്യനാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ജ്യോത്സ്യനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles