പത്തനാപുരം ∙ സിനിമാ നടിയാകാനൊരുങ്ങുന്ന കാമുകിയുടെ ‘സുരക്ഷ’ ഉറപ്പാക്കാൻ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും ക്ലൈമാക്സിൽ പൊലീസ് പിടിയിൽ. ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂർ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ്, വർഷങ്ങളെടുത്ത് എഴുതിത്തയാറാക്കിയ തിരക്കഥയെ വെല്ലുന്ന സംഭവങ്ങളുടെ തുടക്കം.

പത്തനാപുരം സ്വദേശിയായ യുവാവാണു തിരക്കഥാകൃത്ത്. യുവതിക്കു സിനിമയിൽ വേഷം ഉറച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണിൽ വിളിക്കാൻ തുടങ്ങി. സംസാരം ഇടയ്ക്ക് അതിരുകടന്നു. കാമുകനായ അടൂർ സ്വദേശിയോടു യുവതി വിവരം പറഞ്ഞു. ഇതോടെ തിരക്കഥാകൃത്ത് വ്യാജനാണോയെന്ന സംശയത്തിൽ അന്വേഷണങ്ങൾ നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്നാണു സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാൻ കാമുകനും രണ്ടു സുഹൃത്തുക്കളും ചേർന്നു തീരുമാനിച്ചത്. കാമുകി സിനിമാനടിയായാൽ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടിയും ‘കഥാനായകനെ’ കടുംകൈയ്ക്കു പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് ആറിനു മൂവർ സംഘം തിരക്കഥാകൃത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനൊടുവിൽ ഇയാളെ കണ്ടെത്തിയ സംഘം കാറിൽ പിടിച്ചുകയറ്റി അടൂർ ഭാഗത്തേക്കു കൊണ്ടുപോയി. സംഭവം അറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തെത്തുടർന്ന് രാത്രി ഒൻപതിന് അടൂർ ഹൈസ്കൂൾ ജംക്‌ഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. 3 പേരെയും റിമാൻഡ് ചെയ്തു.