ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കില്ലമാർഷിലെ കൂട്ടകൊലപാതകത്തിൽ പ്രതി ഡാമിയൻ ബെൻഡാലിനു(32) ജീവപര്യന്തം തടവുശിക്ഷ. ഗർഭിണിയായ ഭാര്യയെയും മക്കളെയും, മറ്റൊരു കുട്ടിയെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. 2021 ൽ ഡെർബിഷെയറിലെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. ടെറി ഹാരിസ് (35), മകൻ ജോൺ ബെന്നറ്റ് (13), മകൾ ലേസി ബെന്നറ്റ് (11), ലേസിയുടെ 11 വയസ്സുള്ള സുഹൃത്ത് കോണി ജെന്റ് എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ഡെർബി ക്രൗൺ കോടതിയിൽ ആയിരുന്നു ഇയാൾ കുറ്റസമ്മതം നടത്തിയത്. പതിനൊന്ന് വയസുള്ള മകൾ ലേസിയെ ലൈംഗികമായി പീഡിപ്പിച്ചതും ഇയാൾ സമ്മതിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരപരാധിയായ ഒരു സ്ത്രീയ്ക്കും മൂന്നു പിഞ്ചോമനകൾക്കുമെതിരെ ദാരുണമായ അക്രമം നടത്തിയതിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചതെന്ന് വാദം കേട്ട ജസ്റ്റിസ് സ്വീനി പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ഇതല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നും അവർ വ്യക്തമാക്കി. 2021 സെപ്റ്റംബർ 18നാണ് ഹാരിസിനെയും കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചുറ്റിക ഉപയോഗിച്ച് ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങളെന്നും പ്രോസിക്യൂഷൻ ലൂയിസ് മാബ്ലി കെസി കോടതിയെ അറിയിച്ചു.
അതേസമയം ബെൻഡാലുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ഒരാളുമായി ടെറി ഹാരിസ് ബന്ധത്തിലായിരുന്നതായി ലൂയിസ് മാബ്ലി കോടതിയെ അറിയിച്ചു. ഇതാകാം ഒരുപക്ഷെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ചുറ്റിക ഉപയോഗിച്ച് നാലുപേരെയും കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചിട്ടുണ്ട്.
Leave a Reply