ലണ്ടന്‍: ഡ്രൈവര്‍ലെസ് കാറുകള്‍ 2021ഓടെ യുകെ റോഡുകളിലെത്തും. ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റിലാണ് ഈ പ്രഖ്യാപനം വരാനിരിക്കുന്നത്. ബ്രെക്‌സിറ്റിനു ശേഷമുള്ള സാങ്കേതിക വിപ്ലവത്തിനായി നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതോടെയാണ് ഡ്രൈവറില്ലാത്ത കാറുകള്‍ റോഡുകളിലെത്താനുള്ള സാധ്യത തെളിഞ്ഞത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്ലാതെ യുകെയില്‍ ഡ്രൈവര്‍ലെസ് വാഹനങ്ങളുടെ പരീക്ഷണം സാധ്യമാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

യുകെയിലെ വാഹന വ്യവസായ മേഖല ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. ബ്രെക്‌സിറ്റിനു ശേഷം യുകെ സാമ്പത്തിക മേഖലയെ ശക്തമാക്കാനായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ ഉദാര നിലപാട്. ചില വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തനം ബ്രെക്‌സിറ്റിനു ശേഷം യുകെയ്ക്ക് പുറത്തേക്ക് മാറ്റുകയാണെന്ന സൂചന നല്‍കിയിരുന്നു. ഇത്തരം ഭീഷണികളില്‍ നിന്ന് മോചനം നേടാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഈ നീക്കം.

ഏറ്റവും പുതിയ സങ്കേതങ്ങള്‍ക്ക് സ്ഥാനം നല്‍കുന്നതിനായുള്ള സര്‍ക്കാര്‍ ഇടപെടലുകളെ തങ്ങള്‍ പിന്തുണയ്ക്കുന്നതായി സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് പറഞ്ഞു. ഡ്രൈവറില്ലാതെ സ്വയം ചലിക്കുന്ന കാറുകള്‍ നമ്മുടെ റോഡുകളെയും സമൂഹത്തെ തന്നെയും മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.