സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) അസുഖം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു നാട്ടുകാർ ആദ്യം കരുതിയിരുന്നത്. രുഗ്മിണിയുടെ മകൾ ഇന്ദുലേഖയെക്കുറിച്ചും നാട്ടുകാർക്ക് നല്ല അഭിപ്രായമായിരുന്നു.
പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്‌തതോടെയാണ് അരുംകൊലയെക്കുറിച്ച് അയൽക്കാരും ബന്ധുക്കളും അറിയുന്നത്. പ്രവാസിയുടെ ഭാര്യയും, രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ദുലേഖയ്ക്ക് എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ട്. സ്വർണം പണയംവച്ചതിനെത്തുടർന്നാണ് ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായത്.
എന്ത് ആവശ്യത്തിന് വേണ്ടിയാണ് ഇന്ദുലേഖ സ്വർണം പണയംവച്ചതെന്ന് വ്യക്തമല്ല. വിദേശത്തുള്ള ഭർത്താവിനും സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പൊലീസ് കരുതുന്നത്. ഭർത്താവ് കഴിഞ്ഞ പതിനെട്ടാം തീയതി നാട്ടിൽ വരാനിരിക്കെയായിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി, പണയംവച്ച് ബാദ്ധ്യത തീർക്കാനായിരുന്നു യുവതി ലക്ഷ്യമിട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് എലിവിഷം കൊടുത്തത്. ഛർദ്ദിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോയി. നാട്ടുകാരോട് മഞ്ഞപ്പിത്തമാണെന്നാണ് പറഞ്ഞത്. ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ രുഗ്മിണിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി ആദ്യം ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.
ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോൾ എലിവിഷത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഇതാണ് കേസിൽ നിർണായകമായത്. ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്മയ്ക്ക് എലിവിഷം നൽകിയ പാത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷം വാങ്ങിയ കടയിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.
പിതാവ് ചന്ദ്രനെ കൊലപ്പെടുത്താനും യുവതി ശ്രമിച്ചിരുന്നു. ചായയിൽ പാറ്റയെ കൊല്ലുന്ന കീടനാശിനി ചേർത്തെങ്കിലും, രുചി വ്യത്യാസം കാരണം അദ്ദേഹം കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായി ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു.
Leave a Reply