കാഷ്മീരിലെ ജമ്മു നഗരത്തിനു സമീപം നാലു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു.പാക്കിസ്ഥാനിൽനിന്നു നുഴഞ്ഞുകയറി ട്രക്കിലെത്തിയ ഭീകരരെ ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോത മേഖലയിലെ ബൻ ടോൾ പ്ലാസയിലായിരുന്നു ഏറ്റുമുട്ടലിൽ വധിച്ചത്. ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം.
ടോൾ പ്ലാസയിൽ വാഹനപരിശോധന നടത്തവേ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടതിനെ ത്തുടർന്ന് സിആർപിഎഫ്, പോലീസ് സംഘങ്ങൾ വാഹനം പരിശോധിച്ചു. ഇതിനിടെ ട്രക്കിലുണ്ടായിരുന്ന ഭീകരർ വെടിവച്ചു. തുടർന്നു മൂന്നു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണു നാലു ഭീകരരെ വകവരുത്തിയത്. അരി കയറ്റി വന്ന ട്രക്കിന് ഇതിനിടെ തീപിടിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. 11 എകെ റൈഫിളുകൾ, മൂന്നു കൈത്തോക്കുകൾ, 35 ഗ്രനേഡുകൾ, മരുന്നുകൾ, സ്ഫോടകവസ്തുക്കൾ തുടങ്ങിയവയും സുരക്ഷാസേന കണ്ടെടുത്തു. കുൽദീപ് രാജ്, മുഹമ്മദ് ഇഷാഖ് മാലിക് എന്നീ പോലീസുകാർക്കാണു പരിക്ക്. ഇവരെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രാജ്യത്തു വൻ ഭീകരാക്രമണം നടത്താനെത്തിയ ഭീകരരാണു കൊല്ലപ്പെട്ടതെന്നു ജമ്മു ഐജി മുകേഷ് സിംഗ് പറഞ്ഞു. കൊല്ലപ്പെട്ടവർ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണെന്നു പിടിച്ചെടുത്ത ആയുധങ്ങൾ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഡെവലപ്മെന്റ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ഭീകരർ എത്തിയതെന്നു കാഷ്മീർ ഐജി വിജയ്കുമാർ പറഞ്ഞു. നവംബർ 28 മുതൽ ഡിസംബർ 22 വരെയാണു തെരഞ്ഞെടുപ്പ്. ജനുവരി 31ന് ബൻ ടോൾ പ്ലാസയിൽ പോലീസിനു നേരെ വെടിയുതിർത്ത മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
Leave a Reply