തിരുവനന്തപുരം: ആരെയും പേടിക്കാനില്ലെന്ന ഭാവത്തില്‍ തോന്നിയതു പോലെ ആശുപത്രിക്കച്ചവടം നടത്തുന്ന തിരുവനന്തപുരത്തെ നക്ഷത്ര ആശുപത്രി കിംസിന് വീണ്ടും കനത്ത തിരിച്ചടി . സാധാരണ സര്‍ജറിക്കായി പ്രവേശിപ്പിക്കപ്പെട്ട യുവാവ് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ 35 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉത്തരവു വന്നതാണ് കിംസ് ആശുപത്രിക്ക് തിരിച്ചടിയായത് . തിരുവനന്തപുരം സ്വദേശിയായ ദീപക് (28) എന്ന യുവാവ് ആണ് സര്‍ജറിയെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍വച്ച് മരണപ്പെട്ടത്.
ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ശസ്ത്രക്രിയാമേശയില്‍ വച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന് ദീപക്കിന്റെ കുടുംബം എട്ട് വര്‍ഷമായി നിയമ പോരാട്ടത്തിലായിരുന്നു. ഉന്നതരുടെ അധികാരത്തിന്റെ ബലത്തിലും വാര്‍ത്ത മുക്കി സഹായിക്കുന്ന മാദ്ധ്യമങ്ങളുടെ മിടുക്കിലും കേസ് ഒതുക്കാമെന്ന കിംസിന്റെ ഹുങ്കിന് കനത്ത തിരിച്ചടിയാണ് ഈ വിധി . എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ആശുപത്രിയ്‌ക്കെതിരായി വിധി പ്രസ്താവിക്കുകയും ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കിംസിനോട് നിര്‍ദ്ദേശിക്കുക ആയിരുന്നു.

കോസ്‌മെറ്റിക് ശസത്രക്രിയക്കും ലിംഗചര്‍മം നീക്കം ചെയ്യുന്നതിനുമായാണ് ദീപക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. പരാതിയില്‍ പറഞ്ഞതനുസരിച്ച് 2008 ഡിസംബര്‍ 9നാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന കിംസില്‍ ദീപക്ക് ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചക്ക് 12.15ന് അനസ്‌തേഷ്യ നല്‍കാനാരംഭിച്ചു. അനസ്‌തേഷ്യ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ ദീപക്കിന് ഹൃദയാഘാതമുണ്ടായി. എന്നാല്‍ കാര്‍ഡിയോളജിസ്റ്റിനെ ഇരുപതു മിനിറ്റുകള്‍ക്കു ശേഷമാണ് വിളിച്ചു വരുത്തിയത്. ശരിയായ ചികിത്സ ലഭിക്കാന്‍ വൈകിയതാണ് ദീപക്കിന്റെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭിക്കാന്‍ വൈകിയതാണ് മരണത്തിനു കാരണമെന്ന് അഭിഭാഷകന്‍ ആര്‍. നാരായണനും വ്യക്തമാക്കി.

പരാതിയേത്തുടര്‍ന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ദീപക്കിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ചികിത്സാപ്പിഴവ് സംഭവിച്ചില്ലെന്ന വാദമാണ് ആശുപത്രി ഉയര്‍ത്തിയത്. ഒടുവില്‍ എട്ടു വര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ദീപക്കിന്റെ കുടുംബത്തിന് 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. മകനെ തിരികെ കിട്ടില്ലെങ്കിലും തങ്ങള്‍ക്കുണ്ടായ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് ദീപക്കിന്റെ അമ്മയും സഹോദരിയും പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം പിഴശിക്ഷ വിധിച്ച ട്രിബ്യൂണല്‍ വിധിക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ അപ്പീലുമായി കിംസ് അധികൃതര്‍ പോയ ഘട്ടത്തിലെല്ലാം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കണ്ണടച്ച് ആശുപത്രിക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. കിംസിന് എതിരായ നിര്‍ണ്ണായകമായ ഈ വിധി പ്രമുഖ മാദ്ധ്യമങ്ങള്‍ അവഗണിച്ച മട്ടാണ്. മിക്ക മാദ്ധ്യമങ്ങളിലും വാര്‍ത്ത പോലും വരാതിരുന്നപ്പോള്‍ ചിലര്‍ പേരില്ലാതെയും വാര്‍ത്ത നല്‍കി. മതിയായ ശസ്ത്രക്രിയാ സൗകര്യം ഇല്ലാത്തതിനാല്‍ രോഗിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച ഡോക്ടറെ പിരിച്ചുവിട്ട സംഭവം നടന്നത് കിംസ് ആശുപത്രിയില്‍ ആയിരുന്നു. കിംസില്‍ ഇങ്ങനെ രോഗി മരിച്ച സംഭവം ഉണ്ടെന്നും അന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.

സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഈ പഞ്ചനക്ഷത്ര ആശുപത്രിയെക്കുറിച്ചു പല ആരോപണങ്ങളും പല തവണയും ഉയര്‍ന്നിട്ടും എല്ലാം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തില്‍ പോലും ഇടപെടലുകള്‍ ഉണ്ടായിരുന്നു. ദീപകിന്റെ മരണത്തിനു ഇടയാകിയ മേല്പറഞ്ഞ സംഭവത്തിലും സാങ്കേതികത്വം പറഞ്ഞു ജില്ലാ ഉപഭോക്തൃ സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീലിന് പോയ ആശുപത്രി അധികൃതരെ തുറന്നു കാട്ടാനുള്ള അവസരം മുഖ്യധാരാ മാധ്യമങ്ങള്‍ പലതവണ നഷ്ട്ടപ്പെടുത്തിയിരുന്നു. പരസ്യവരുമാനത്തില്‍ കണ്ണുവച്ചാണ് മാധ്യമങ്ങളുടെ ഇത്തരം ഇടപെടലുകള്‍.