ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാൾസ് രാജാവും കാമില രാജ്ഞിയും നിലവിൽ തങ്ങളുടെ ഓസ്ട്രേലിയ സന്ദർശനത്തിലാണ്. ചാൾസ് രാജാവിൻറെ ക്യാൻസർ രോഗ നിർണയത്തിനു ശേഷമുള്ള ആദ്യ വിദേശയാത്രയുമാണിത്. പര്യടനത്തിന്റെ തുടക്കത്തിൽ 1983ല്‍ അദ്ദേഹം ഡയാന രാജകുമാരിയുമായി ഒരുമിച്ച് ഒപ്പുവെച്ച ഒരു ബൈബിളിൽ വീണ്ടും തന്റെ കൈയ്യൊപ്പ് കാമില രാജ്ഞിയുമായി ചാർത്തിയത് ചരിത്രപരമായ നിമിഷമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടു തന്നെ നാലു പതിറ്റാണ്ടുകൾക്ക് ശേഷം നടന്ന ഈ ചടങ്ങിന് വൻ വാർത്താ പ്രാധാന്യമാണ് കൈവന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓസ്ട്രേലിയ ഒരുകാലത്ത് ബ്രിട്ടീഷ് കോളനി ആയിരുന്നു. 1942 ലാണ് ഓസ്ട്രേലിയ യുകെയിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടിയത്. അന്ന് മുതൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാര നയതന്ത്ര ബന്ധങ്ങളാണ് ഉള്ളത്. ആഗോള സുരക്ഷ, മനുഷ്യാവകാശം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളിൽ ഓസ്‌ട്രേലിയയും യുകെയും അടുത്ത് സഹകരിക്കുന്നു. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ത്രിരാഷ്ട്ര സുരക്ഷാ ഉടമ്പടിയായ AUKUS (ഓസ്‌ട്രേലിയ, യുകെ, യുഎസ്) പോലുള്ള സഖ്യങ്ങളുടെ ഭാഗമാണ് ഇരു രാജ്യങ്ങളും.

2022 -ൽ അധികാരമേറ്റതിന് ശേഷമുള്ള ഓസ്ട്രേലിയയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ് ചാൾസ് രാജാവും കാമില രാജ്ഞിയും ഇപ്പോൾ നടത്തുന്നത് . മറ്റു പല കോമൺവെൽത്ത് രാജ്യങ്ങളെ പോലെ ഓസ്ട്രേലിയയും ബ്രിട്ടീഷ് രാജാവിനെ ആചാരപരമായി രാഷ്ട്രതലവൻ്റെ സ്ഥാനമാണ് നൽകുന്നത്. രാജവാഴ്ചയുടെ ആചാരപരമായ വശങ്ങൾക്കപ്പുറം, ഓസ്‌ട്രേലിയയും യുകെയും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതയും ചാൾസ് രാജാവിൻ്റെ സന്ദർശനത്തിനുണ്ട്. ബ്രെക്‌സിറ്റിന് ശേഷം, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള യൂറോപ്യൻ ഇതര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാൻ യുകെ പ്രവർത്തിക്കുന്നു. 2021-ൽ ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ഒപ്പുവെച്ചതോടെ, രാജാവിൻ്റെ സന്ദർശനം ഇരു രാജ്യങ്ങൾക്കും മുന്നിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തും . ഏഷ്യ-പസഫിക് മേഖലയിൽ യുകെയുടെ പ്രധാന പങ്കാളിയെന്ന നിലയിൽ ഓസ്‌ട്രേലിയയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെ ഭാവി സഹകരണത്തിനും രാജകീയ പര്യടനം വഴിയൊരുക്കും.