ആൻഡ്രൂ രാജകുമാരനെതിരെ ശക്തമായ ജനരോഷം. രാജപദവികളിൽ നിന്ന് ഒഴിവാക്കി തടിതപ്പാൻ എലിസബത്ത് രാജ്ഞി . കാരണം ബാലപീഡകനുമായിട്ടുള്ള അടുത്തബന്ധം .അങ്ങനെ പുകഞ്ഞ കൊള്ളി പുറത്ത് .

ആൻഡ്രൂ  രാജകുമാരനെതിരെ  ശക്തമായ ജനരോഷം. രാജപദവികളിൽ നിന്ന് ഒഴിവാക്കി തടിതപ്പാൻ എലിസബത്ത് രാജ്ഞി . കാരണം  ബാലപീഡകനുമായിട്ടുള്ള  അടുത്തബന്ധം .അങ്ങനെ പുകഞ്ഞ കൊള്ളി പുറത്ത് .
December 03 03:28 2019 Print This Article

ലണ്ടൻ∙ ബാലപീഡകനായ കോടീശ്വരനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദച്ചുഴിയിൽപെട്ട് ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ. ശക്തമായ ജനരോഷത്തെ തുടർന്ന് ആൻഡ്രൂവിനെ ബക്കിങ്ങാം കൊട്ടാരത്തിൽ വിളിച്ചുവരുത്തി രാജകീയ ചുമതലകളിൽ നിന്നൊഴിവാക്കിയതായി ബ്രിട്ടിഷ് രാജ്ഞി തന്നെ അറിയിക്കുകയായിരുന്നു. പ്രതിവർഷം കൊട്ടാരത്തിൽനിന്ന് ലഭിച്ചിരുന്ന 2.49 ലക്ഷം പൗണ്ടിന്റെ ആനുകൂല്യം നഷ്ടമാകുന്നതോടോപ്പം പ്രമുഖ കമ്പനികളും സംഘടനകളും ബഹിഷ്കരണ ഭീഷണിയുമായി രംഗത്തുണ്ട്.

ബാലപീഡനത്തിന് വിചാരണ നേരിടവെ ജയിലിൽ മരിച്ച യുഎസ് കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദം ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ യോർക് പ്രഭു ആൻഡ്രൂ രാജകുമാരൻ തുറന്നു പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ എന്നിവരുൾപ്പെടെ ഒട്ടേറെ ലോകനേതാക്കളുടെ സുഹൃത്തായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം. സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ജെഫ്രി എപ്സ്റ്റീൻ (ഇടത്) ആൻഡ്രൂ രാജകുമാരൻ, വിർജീനിയ

1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ വിർജിനീയ റോബർട്സ് ജിയുഫ്രെ എന്ന 35 കാരി ആൻഡ്രൂ രാജകുമാരനെതിരെ നിലപാടുകൾ കടുപ്പിക്കുന്നതാണ് രാജകുമാരനെ പ്രതിസന്ധിയിലാക്കുന്നത്. ആൻഡ്രൂ മൂന്നു തവണ തന്നെ പീഡിപ്പിച്ചെന്നാണ് വിർജിനീയയുടെ പരാതി. അതിൽ രണ്ടു തവണ പ്രായപൂർത്തിയാകുന്നതിനു മുൻപാണെന്നും അവർ പറയുന്നു.

ജെഫ്രി എപ്സ്റ്റീൻ രാജകുമാരന്റെ പേരു പറഞ്ഞാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും 2010 ൽ മറ്റൊരു ബാലപീഡനക്കേസിൽ ജയിൽ മോചിതനായ എപ്സ്റ്റീനെ രാജകുമാരൻ സന്ദർശിച്ചുവെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.

തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചുവെന്നു വിർജീനിയ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. 2001 ലും 2002ലും മൂന്നുതവണ എപ്സ്റ്റീന്റെ നിർബന്ധത്തിനു വഴങ്ങി രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു വിർജീനിയ റോബർട്‌സിന്റെ വെളിപ്പെടുത്തൽ. 2001ൽ പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അതിക്രൂരമായ ലൈംഗിക പീഡനങ്ങൾക്കു വിധേയയാകേണ്ടി വന്നതെന്നും വിർജീനിയ വെളിപ്പെടുത്തി.

2001 മാർച്ച് പത്തിന് ലണ്ടൻ ട്രാംപ് നൈറ്റ് ക്ലബിൽ രാജകുമാരനെ കണ്ടെന്നും അവിടെ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമുള്ള വിർജീനിയയുടെ വെളിപ്പെടുത്തൽ ആൻഡ്രൂ രാജകുമാരൻ തള്ളിയിരുന്നു. മാർച്ച് പത്തിനു ലണ്ടൻ ട്രാംപ് നൈറ്റ് ക്ലബിൽ താൻ എത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മകൾ ബിയാട്രീസ് രാജകുമാരിക്കൊപ്പം വോക്കിങ്ങിലെ പിസാ എക്സ്പ്രസിൽ ആയിരുന്നുവെന്നുമായിരുന്നു രാജകുമാരന്റെ വാദം. നൈറ്റ് ക്ലബിൽ തനിക്കു വോഡ്ക പകർന്നു നൽകുമ്പോൾ ആൻഡ്രൂ വല്ലാതെ വിയർത്തിരുന്നുവെന്ന വിർജിനീയയുടെ വാദത്തെ യുദ്ധത്തിൽ വെടിയേറ്റതിനു ശേഷം ഉണ്ടായ അഡ്രിനാലിൻ ഓവർഡോസ് മൂലം താൻ വിയർക്കാറില്ലെന്ന തൊടുന്യായം കൊണ്ടാണ് ആൻഡ്രൂ നേരിട്ടത്.

ജെഫ്രി എപ്സ്റ്റീൻ

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ജെഫ്രിക്കൊപ്പം സൗഹൃദം സൂക്ഷിച്ചതും അയാളുടെ വസതിയിൽ അന്തിയുറങ്ങിയതും തെറ്റാണെന്നു ബോധ്യപ്പെട്ടതായി കുറ്റസമ്മതം നടത്തിയെങ്കിലും ജനരോഷം ശമിപ്പിക്കാൻ കഴിഞ്ഞില്ല. ജെഫ്രി എപ്സ്റ്റീന്റെ ഇടനിലക്കാരി ജി‌സെയിൻ മാക്സ്‍വെൽ അടുത്തു നിൽക്കുമ്പോൾ തന്നെ ചേർത്തു നിർത്തിയിരിക്കുന്ന ആൻഡ്രൂ രാജകുമാരന്റെ ചിത്രം പുറത്തു വിട്ടാണ് രാജകുമാരനെതിരെയുള്ള നീക്കം വിർജീനിയ ശക്തമാക്കിയത്. എന്നാൽ ചിത്രം വ്യാജമാണെന്നായിരുന്നു രാജകുമാരന്റെ വാദം. ആ യുവതിയെ താൻ കണ്ടിട്ടില്ലെന്നും ആൻഡ്രൂ രാജകുമാരൻ ആണയിടുന്നു.

എന്നാൽ ഇത്തരം വ്യക്തിപരമായ കാര്യങ്ങളിൽ രാജകുടുംബാംഗങ്ങൾ പ്രതികരിക്കുന്നതു തന്നെ അസാധാരണമാണെന്നിരിക്കെ തുടരെയുള്ള ന്യായീകരണങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്കു ഖേദമില്ലെന്നു ബിബിസി അഭിമുഖത്തിൽ പറഞ്ഞതോടെയാണ് എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും 59കാരനുമായ രാജകുമാരൻ വിവാദത്തിൽപെടുന്നത്. വിവാദമായതോടെ എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ ഖേദിക്കുന്നുവെന്നും ഇരകളായ പെൺകുട്ടികളോടു സഹതപിക്കുന്നെന്നും ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയിറക്കിയെങ്കിലും ജനരോഷം ശമിക്കാതിരുന്നതിനാൽ രാജ്ഞി ഔദ്യോഗിക പദവികൾ തിരിച്ചെടുക്കുകയായിരുന്നു.

2005 മാർച്ചിൽ ഫ്ലോറിഡ പൊലീസിലേക്ക് ഒരമ്മ ഫോൺ വിളിച്ച് തന്റെ പ്രായപൂർത്തിയാകാത്ത മകളെ പാം ബീച്ച് എസ്റ്റേറ്റിൽ എപ്സ്റ്റീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടതോടെയാണ് ജെഫ്രി എപ്സ്റ്റീനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. 2006 മേയിൽ പാം ബീച്ച് പൊലീസ് സത്യവാങ്മൂലം ഫയൽ ചെയ്തു.

എപ്സ്റ്റീനെ കൂടാതെ സാറാ കെല്ലൻ, ഹാലി റോബ്സൺ സോൺ എന്നിവരുടെ പേരുകളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളെയും 17 ദൃക്സാക്ഷികളെയും ചോദ്യം ചെയ്താണു സത്യവാങ്മൂലം തയാറാക്കിയത്. പ്രാപൂർത്തിയാകാത്ത പെൺകുട്ടികളുമായും എപ്സ്റ്റീൻ നിയമവിരുദ്ധമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ഇതിൽ ആരോപിച്ചിരുന്നു.

എപ്സ്റ്റീന് ആവശ്യാനുസരണം പെൺകുട്ടികളെ എത്തിച്ച് പണമുണ്ടാക്കി എന്ന കുറ്റമാണു സോണിനെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ പേരും വിലാസവും ഉൾപ്പെടുന്ന വിവരങ്ങളടങ്ങിയ ‘ബ്ലാക് ബുക്ക്’ സൂക്ഷിച്ചെന്നതാണു സാറയ്ക്കെതിരായ കുറ്റം. പാം ബീച്ചിലെ സ്റ്റേറ്റ് അറ്റോർണി ഈ കേസ് 2006 മേയിൽ മേൽക്കോടതിയിലേക്കു റഫർ ചെയ്തു. എപ്സ്റ്റീനു സ്വത്തുക്കളുള്ള ഫ്ലോറിഡ, ന്യൂയോർക്ക്, ന്യു മെക്സിക്കോ എന്നിവിടങ്ങളിലെ ഇരകളെയും സാക്ഷികളെയും കണ്ട് എഫ്ബിഐ മൊഴിയെടുത്തു. നിയമ നടപടികൾ മുന്നോട്ടുപോയപ്പോൾ, തന്നെ ലൈംഗിക കുറ്റവാളിയാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകാര്യമല്ലെന്ന് എപ്സ്റ്റീനും അഭിഭാഷകനും 2008 ജനുവരിയിൽ നിലപാടെടുത്തു.

ഫെബ്രുവരിയിൽ ഒരു സ്ത്രീ എപ്സ്റ്റീനെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. 16–ാം വയസ്സിൽ മസാജിങ്ങിനായി തന്നെ നിയമിച്ചുവെന്നും ലൈംഗികബന്ധത്തിനു നിർ‌ബന്ധിച്ചു എന്നുമായിരുന്നു ആരോപണം. എഫ്ബിഐയുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി മാർച്ചിൽ കേസ് വിചാരണയ്ക്കെടുക്കാൻ ഗ്രാൻഡ് ജൂറി തീരുമാനിച്ചു. ഇരകളെ ഫോണിലും നേരിട്ടും എപ്സ്റ്റീന്റെ ആളുകൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേ മാസം മറ്റൊരു സ്ത്രീ കൂടി ഹർജി നൽകി. ജൂണിൽ എപ്സ്റ്റീൻ കുറ്റക്കാനാരാണെന്നു കോടതി വിധിച്ചു. ലൈംഗിക കുറ്റവാളിയായി മുദ്രകുത്തപ്പെട്ട എപ്സ്റ്റീന് 18 മാസത്തെ ജയിൽവാസമായിരുന്നു ശിക്ഷ. 2009 ജൂലൈയിൽ ജയിൽ മോചിതനായി.

എപ്സ്റ്റീൻ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ യുഎസ് ലേബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന് ഇതിനിടെ വെളിപ്പെടുത്തലുണ്ടായി. ഫെഡറൽ പ്രോസിക്യൂട്ടറും എപ്സ്‌റ്റീനിന്റെ സുഹൃത്തുമായ അലക്സാണ്ടർ അകോസ്റ്റ കേസുകൾ ഇല്ലാതാക്കിയെന്നായിരുന്നു റിപ്പോർട്ട്. ട്രംപ് സർക്കാരിൽ ലേബർ സെക്രട്ടറിയായിരുന്ന അലക്സാണ്ടർ അകോസ്റ്റ, ഈ വെളിപ്പെടുത്തലിനെത്തുടർന്നു രാജിവച്ചു

പരാതികളും ആരോപണങ്ങളും അന്വേഷിച്ച സംഘം, എപ്സ്റ്റീനെതിരെ ശക്തമായ തെളിവുകളും മൊഴികളുമാണു ശേഖരിച്ചത്. പെണ്‍കുട്ടികളെ നഗ്നരായി മസാജ് ചെയ്യിപ്പിച്ചു, ലൈംഗിക പ്രവൃത്തികള്‍ക്കു നിര്‍ബന്ധിച്ചു, കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാന്‍ പെൺകുട്ടികൾക്കു പണം നല്‍കി തുടങ്ങിയ കാര്യങ്ങളാണു കണ്ടെത്തിയത്. ലൈംഗിക കടത്ത്, ഇതിനായുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തി. എപ്സ്റ്റീന്റെ മരണത്തോടെ ക്രിമിനൽ കേസ് അവസാനിച്ചെങ്കിലും നഷ്ടപരിഹാരം തേടി കൂടുതൽ പേർ രംഗത്തുവരാൻ സാധ്യതയുള്ളതിനാൽ സിവിൽ കേസുകൾ തുടരും.

കോടതിയിൽ ഹാജരാക്കിയ രേഖകളിൽ എപ്സ്റ്റീന്റെ സമ്പാദ്യത്തെപ്പറ്റിയും മാൻഹാട്ടനിലെ ബംഗ്ലാവിൽ ഒളിപ്പിച്ച അമൂല്യ വസ്തുക്കളെപ്പറ്റിയും വെളിപ്പെടുത്തലുണ്ട്. സൗദി അറേബ്യ അനുവദിച്ച പാസ്പോർട്ടും കണ്ടെടുത്തു. പാസ്പോർട്ടിലെ ഫോട്ടോ എപ്സ്റ്റീന്റെയാണെങ്കിലും പേര് വേറെയായിരുന്നു. 1980ൽ അനുവദിച്ചതാണു പാസ്പോർട്ട്. 77 ദശലക്ഷം ഡോളർ മൂല്യമുള്ള അപ്പർ ഈസ്റ്റ് സൈഡ് മാൻഷനിൽ പണവും രത്നങ്ങളും വിലപിടിച്ച കലാസൃഷ്ടികളും ഒളിപ്പിച്ചിരുന്നു.

ജെഫ്രി എപ്സ്റ്റീനെതിരെ പരസ്യമായി ആരോപണമുന്നയിച്ച കോർട്ട്നി വൈൽഡും ആനി ഫാർമറും അഭിഭാഷകരോടൊപ്പം കോടതിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഫ്ലോറിഡയിലെ കോടതി 2008ൽ ഇയാളെ ശിക്ഷിച്ചതാണ്. കർശനമായ ഏത് ഉപാധിയും സ്വീകരിക്കാമെന്നും 100 മില്യൻ ഡോളർ വരെയുള്ള ജാമ്യത്തുക കെട്ടിവയ്ക്കാമെന്നുമാണ് എപ്സ്റ്റീന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. രേഖകൾ പ്രകാരം 55.91 കോടി ഡോളറാണ് എപ്സ്റ്റീന്റെ സമ്പാദ്യം. ഹെഡ്ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്. മാൻഹട്ടൻ, പാം ബീച്ച്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ രാജകീയ ബംഗ്ലാവുകളുണ്ട്. ഈ ബംഗ്ലാവുകളിലാണു പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിച്ചിരുന്നത്. 2002 മുതൽ 2005 വരെയുള്ള കാലയളവിൽ ഡസൻ കണക്കിനു പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles