ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: പ്രിൻസ് ആൻഡ്രൂവിനെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചാൾസ് രാജാവിനെതിരെ പ്രതിഷേധമുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ലിച്ച്ഫീൽഡ് കത്തീഡ്രലിൽ നടന്ന സന്ദർശനത്തിനിടെ രാജാവിനോട് “ആൻഡ്രൂവിനെയും എപ്സ്റ്റെനിനെയും കുറിച്ച് എത്രകാലമായി നിങ്ങൾക്കറിയാം?” എന്ന ചോദ്യങ്ങളുയർത്തിയായിരുന്നു ഒരാൾ പ്രതിഷേധിച്ചത്. ചാൾസ് രാജാവ് ആശംസകൾ സ്വീകരിക്കുമ്പോൾ തന്നെ ചോദ്യങ്ങൾ വിളിച്ചു പറഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാതെ മുന്നോട്ട് നീങ്ങി.

പ്രതിഷേധം നടത്തിയയാൾ റിപ്പബ്ലിക് എന്ന ആന്റി–മോണാർക്കി സംഘടനയിലെ അംഗമാണെന്നാണ് റിപ്പോർട്ട്. “രാജകുടുംബത്തോട് ഉത്തരവാദിത്തം ചോദിക്കേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രീയ നേതാക്കൾ ചോദിക്കാത്ത ചോദ്യങ്ങൾ ഇപ്പോൾ ജനങ്ങളാണ് ചോദിക്കുന്നത് എന്നുമായിരുന്നു ഇതേ കുറിച്ച് സംഘടനാ മേധാവി ഗ്രഹാം സ്മിത്തിന്റെ പ്രതികരണം.

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റെനുമായി ബന്ധമുള്ളതിനെ തുടർന്ന് പ്രിൻസ് ആൻഡ്രൂവിനെ എല്ലാ രാജകീയ പദവികളിൽനിന്നും ബഹുമതികളിൽ നിന്നും പിന്മാറ്റിയിരുന്നു. അദ്ദേഹത്തിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച വിർജീനിയ ജിഫ്രെയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ വിവാദം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. രാജകുടുംബത്തിന്റെ പ്രതിഛായക്ക് തിരിച്ചടിയായ ഈ സംഭവത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് എംപിമാരും രംഗത്തെത്തിയിട്ടുണ്ട്.











Leave a Reply