ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ലണ്ടനിൽ സ്ത്രീയെയും രണ്ട് പെൺകുട്ടികളെയും ആസിഡ് കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരുക്ക് പറ്റിയ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും ആക്രമിയെ കണ്ടെത്താൻ പോലീസിനായില്ല. ഇയാൾക്ക് വേറെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്. ആക്രമണ സമയത്ത് ഇയാളുടെ മുഖത്തും ഗുരുതരമായ രീതിയിലുള്ള പരുക്ക് പറ്റിയിട്ടുണ്ട്.

35 കാരനായ പ്രതി അബ്ദുൾ ഷോക്കൂർ എസെദി ആക്രമണത്തിന് ഇരയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. ഈ ബന്ധത്തിൻറെ തകർച്ചയാകാം ഗുരുതരമായ ആക്രമണത്തിന് കാരണം. എത്ര നാളായി എസെദിയും ഇരയുമായി ബന്ധം നിലനിന്നിരുന്നുവെന്നോ എങ്ങനെയാണ് അത് തകർന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാവില്ലെന്ന് സിഡിആർ ജോൺ സാവെൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 31 കാരിയായ യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഇവരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആക്രമണത്തിനുശേഷം പ്രതി എവിടേയ്ക്ക് രക്ഷപ്പെട്ടതിനെ കുറിച്ച് പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഇയാൾ തെംസ് നദിയിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഈ വാദത്തെ പിന്തുണയ്ക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളിയെ സഹായിക്കുന്നു എന്ന് കരുതുന്ന 22 കാരനായ യുവാവിനെ തിങ്കളാഴ്ച പോലീസ് ലണ്ടനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.