ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കരീബിയൻ സന്ദർശനത്തിനിടെ ബഹാമാസിന്റെ പരമ്പരാഗത തെരുവുത്സവമായ ജങ്കാനൂവിൽ നൃത്തച്ചുവടുകളുമായി ചാൾസ് മൂന്നാമൻ രാജാവ്. നസ്സൗവിലെ പാർലമെന്റ് സ്‌ക്വയറിൽ നടന്ന വർണാഭമായ ആഘോഷത്തിൽ സംഗീതത്തിനൊപ്പം കൈമണികൾ വീശിയും നർത്തകർക്കൊപ്പം ചുവടുവച്ചും രാജാവ് ജനശ്രദ്ധ നേടി. വർണാഭമായ വേഷങ്ങളണിഞ്ഞ കലാകാരന്മാരും സംഗീതസംഘങ്ങളും പങ്കെടുത്ത ആഘോഷം ബഹാമാസിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയായി. സാധാരണയായി ക്രിസ്മസ് കഴിഞ്ഞുള്ള ബോക്സിങ് ഡേയിലും പുതുവത്സരദിനത്തിലുമാണ് ജങ്കാനൂ ആഘോഷങ്ങൾ നടക്കുന്നത്. ഒക്ടോബർ 27ന് ആരംഭിച്ച ഒൻപത് ദിവസത്തെ കരീബിയൻ for പര്യടനത്തിന്റെ ഭാഗമായാണ് രാജാവ് ബഹാമാസിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബഹാമാസിലെത്തിയ രാജാവ് യുവജനങ്ങളുടെ പരിപാടിയിലും പങ്കെടുത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യാഘോഷത്തിൽ എലിസബത്ത് രാജ്ഞിയെ പ്രതിനിധീകരിച്ച് 1973ൽ ഇതേ സ്ഥലത്തെത്തിയ അനുഭവവും അദ്ദേഹം അനുസ്മരിച്ചു. അടിമത്തത്തിന്റെ ഇരുണ്ട ചരിത്രവുമായി ബന്ധമുള്ള ജങ്കാനൂ ഉൾപ്പെടെയുള്ള സാംസ്‌കാരിക പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിച്ച ചാൾസ് രാജാവ്, മുൻകാലങ്ങളിലെ വലിയ ദുരിതങ്ങളും അനീതികളും അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതിന്റെ പ്രാധാന്യവും യുവതലമുറയുടെ പങ്കും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

അതേസമയം, ബ്രിട്ടന്റെ അടിമക്കച്ചവട ചരിത്രത്തിൽ രാജകുടുംബത്തിനുള്ള പങ്കിനെച്ചൊല്ലിയുള്ള ചർച്ചകളും സന്ദർശനത്തിനിടെ ശ്രദ്ധേയമായി. അടിമത്തത്തിന് ഔദ്യോഗികമായി മാപ്പുപറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുയർത്തി. കഴിഞ്ഞകാലത്തെ അനീതികൾ അംഗീകരിക്കുന്നതിലുപരി വ്യക്തമായ നടപടികൾ വേണമെന്നാണ് പ്രചാരണപ്രവർത്തകരുടെ നിലപാട്. എന്നാൽ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം ബഹാമാസ്, ഗയാന, ആന്റിഗ്വാ ആൻഡ് ബാർബുഡ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും യുവജനങ്ങൾ, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക പൈതൃകം തുടങ്ങിയ വിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുകയുമാണെന്ന് രാജകുടുംബം അറിയിച്ചു. തുടർന്ന് ഗയാന സന്ദർശിക്കുന്ന രാജാവ്, ആന്റിഗ്വാ ആൻഡ് ബാർബുഡയിൽ നടക്കുന്ന കോമൺവെൽത്ത് നേതൃയോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിനായി കാമില രാജ്ഞിയോടൊപ്പം ചേരും.